*ജീവിതസമരം മഹാരാഷ്‌ട്രയിലെ താനെയിൽ പണിമുടക്കിയ അങ്കണവാടി ജീവനക്കാരും മറ്റ് തൊഴിലാളികളും കലക്ടറേറ്റിനുമുന്നിൽ പ്രതിഷേധിക്കുന്നു*
ന്യൂഡൽഹി:മോദി സർക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ അടങ്ങാത്ത രോഷം പ്രകടമാക്കി രാജ്യത്ത് 25 കോടി തൊഴിലാളികള്‍ പണിമുടക്കി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തവേദി ആഹ്വാനം ചെയ്‌ത ദ്വിദിന പണിമുടക്കിന്റെ ഒന്നാംനാൾ ആവേശകരമായ അനുഭവമായി. ഗ്രാമീണമേഖലയിൽ അടക്കം തൊഴിലിടങ്ങൾ സ്‌തംഭിച്ചു.
കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ പണിമുടക്ക് പൂർണം. തമിഴ്‌നാട്, ബംഗാൾ, ഹരിയാന, അസം സംസ്ഥാനങ്ങളിലെ മിക്ക ജില്ലകളിലും ഹർത്താലായി. എസ്‌മ അടക്കം കരിനിയമങ്ങൾ ഉപയോഗിച്ച് സമരത്തെ തകർക്കാനുള്ള ശ്രമം വിജയിച്ചില്ല. ഡൽഹി, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വ്യവസായകേന്ദ്രങ്ങളിൽ വിപുല പങ്കാളിത്തവും ആവേശമായി.
തൂത്തുക്കുടി, പാരദ്വീപ് തുറമുഖങ്ങളിൽ പൂർണം. വടക്കൻ ബംഗാളിൽ ഗതാഗതമേഖല ചലിച്ചില്ല. കൊൽക്കത്തയിൽ ഒല ഡ്രൈവർമാരും പങ്കുചേർന്നു. ഒഡിഷയിൽ ബസ്, ട്രക്ക്, ടാങ്കർ സർവീസുകൾ നിലച്ചു. സംസ്ഥാനത്തിന്റെ ദക്ഷിണ, പശ്ചിമ ഭാഗങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചു. ഭുവനേശ്വർ, പാരദ്വീപ്, റൂർക്കല കട്ടക്ക് എന്നിവിടങ്ങളിൽ ബസ് ടെർമിനലുകൾ ശൂന്യമായി. തെലങ്കാനയിൽ അഞ്ചരലക്ഷം തൊഴിലാളികൾ പണിമുടക്കി. ഹൈദരാബാദിൽ നടന്ന പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു.
വിശാഖ് ഉരുക്കുശാലയും തിരുച്ചിറപ്പള്ളി, റാണിപ്പേട്ട് ഭെൽ യൂണിറ്റുകളും സ്‌തംഭിച്ചു. കൽക്കരിമേഖലയിൽ 60 ശതമാനത്തോളം തൊഴിലാളികൾ പങ്കെടുത്തു. തെലങ്കാനയിൽ കൽക്കരിമേഖല അനങ്ങിയില്ല. കേരളം, തമിഴ്‌നാട്, കർണാടകം, പുതുച്ചേരി എന്നിവിടങ്ങൾ ഉൾക്കൊള്ളുന്ന ദക്ഷിണ ഗ്രിഡിലും വടക്കുകിഴക്കൻ ഗ്രിഡിലും കിഴക്കൻ ഗ്രിഡിലും വൈദ്യുതിജീവനക്കാർ ഒന്നടങ്കം പണിമുടക്കിലാണ്. എണ്ണസംസ്‌കരണമേഖലാ തൊഴിലാളികളും പണിമുടക്കി.
ബാങ്കിങ്, ഇൻഷുറൻസ് മേഖലയിൽ പൂർണമാണ്. പലയിടത്തും സംസ്ഥാന സർക്കാർ ജീവനക്കാർ വ്യാപകമായി പങ്കുചേർന്നു. തപാൽ, ബിഎസ്‌എൻഎൽ, ആദായനികുതി ജീവനക്കാരും അങ്കണവാടി, ആശാ, ഉച്ചഭക്ഷണ പദ്ധതികളിലെ 80 ലക്ഷത്തോളം തൊഴിലാളികളും പണിമുടക്കി . ചുമട്, ബീഡി, നിർമാണ, കൈത്തറി, നെയ്‌ത്ത് തൊഴിലാളികളും പങ്കാളികളായി. കർഷകസംഘടനകളുടെ സംയുക്ത കിസാൻമോർച്ചയുടെ ആഹ്വാനപ്രകാരം ഗ്രാമീണഹർത്താലും ആചരിക്കുന്നു.
സംസ്ഥാനത്ത് പൂർണം
ദ്വിദിന പണിമുടക്ക് സംസ്ഥാനത്ത് പൂർണം. പണിമുടക്കിയ വ്യവസായശാലകളിലെ തൊഴിലാളികൾ കമ്പനി ഗേറ്റുകളിൽ പ്രകടനം നടത്തി. അസംഘടിത, പരമ്പരാഗത മേഖലയിലും പൂർണമായിരുന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളങ്ങളും അടഞ്ഞുകിടന്നു.
കേരളത്തിലെ 1040 സമരകേന്ദ്രം രാവിലെ ഒമ്പതുമുതൽ മുതൽ ജനനിബിഡമായി. വിവിധ വർഗ ബഹുജന സംഘടനകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും പ്രകടനമായെത്തി പിന്തുണ അറിയിച്ചു. തലസ്ഥാനത്തെ സമരകേന്ദ്രമായ പാളയത്ത് മഹാതൊഴിലാളി സംഗമം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടി എളമരം കരീം എംപി ഉദ്‌ഘാടനംചെയ്‌തു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായി. ചൊവ്വ വൈകിട്ട് എല്ലാ സമരകേന്ദ്രങ്ങളിൽനിന്നും കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലേക്ക് പ്രകടനം നടക്കും. തുടർന്ന് പൊതുസമ്മേളനവും ഉണ്ടാകും. ചൊവ്വ രാത്രി 12ന് പണിമുടക്ക് അവസാനിക്കും