കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 15 കിലോമീറ്റർ തീരം കടലെടുക്കാൻ സാധ്യതയെന്ന് പഠനം. നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയിസ്) കോസ്റ്റൽ വൾനറബിലിറ്റി ഇൻഡക്‌സിലാണ് (സി.വി.ഐ.) സംസ്ഥാനത്തെ ദുർബലമായ തീരദേശമേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ളത്.
പഠനത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കാസർകോട് ജില്ലകളിലെ തീരമേഖലകളാണ് കൂടുതൽ അപകടകരമായ രീതിയിലുള്ളത്. തീരദേശ മണ്ണൊലിപ്പ്, കടൽ കയറുക, സുനാമിയിലും മറ്റു പ്രകൃതിദുരന്തങ്ങളിലും വളരെവേഗം നാശം സംഭവിക്കുക, തീരമേഖലകളിൽ ചെരിവ് സംഭവിക്കുക, ഉയർന്ന തിരമാലയടിക്കുക തുടങ്ങിയവയാണ് ഈ മേഖലകളിൽ കൂടുതലായും സംഭവിക്കുക.
സംസ്ഥാനത്തെ 53 കിലോമീറ്റർ അപകടകരമായ രീതിയിലും 243 കിലോമീറ്റർ ഇടത്തരം അപകടകരമായ രീതിയിലുമാണെന്ന് പഠനം പറയുന്നു. മാറുന്ന കടൽനിരപ്പ്, തീരത്തിലുണ്ടാകുന്ന മാറ്റം, സുനാമിയടക്കമുള്ള കടൽമേഖലയിലെ ദുരന്തങ്ങൾ, തിരമാലയുടെ ഉയരവും ദൈർഘ്യവും കടലിന്റെ ഉയർച്ചതാഴ്ചകൾ തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയിരിക്കുന്നത്.
തീരദേശമേഖലയുമായുള്ള നയങ്ങൾ തയ്യാറാക്കുമ്പോഴും ഈ മേഖലയുമായുള്ള പദ്ധതികൾ കൊണ്ടുവരുമ്പോഴും ആദ്യം ശ്രദ്ധനൽകേണ്ടത് അതീവഅപകടകരമായിരിക്കുന്ന മേഖലയിലാണെന്ന് ഇൻകോയിസ് ഓപ്പറേഷണൽ ഓഷ്യൻ സർവീസസ് ആൻഡ് അപ്ലൈഡ് റിസർച്ച് ഗ്രൂപ്പ് ഡയറക്ടറും സീനിയർ സയന്റിസ്റ്റുമായ ടി.എം. ബാലകൃഷ്ണൻ നായർ പറഞ്ഞു.
കേരളത്തിലെ സമുദ്രത്തിന്റെ തോത് പ്രതിവർഷം മൂന്നുമുതൽ 3.4 വരെ മില്ലീമീറ്റർ ഉയരുന്നുണ്ട്. ഇത് വളരെയേറെ ശ്രദ്ധനൽകേണ്ട ഭാഗമാണ് -അദ്ദേഹം പറഞ്ഞു.