മലപ്പുറം: കാളികാവ് പൂങ്ങോട് എൽപി സ്കൂൾ മൈതാനിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു. അപകടത്തില്‍ കളി കാണാനെത്തിയ അൻപതിൽ അധികം പേര്‍ക്ക് പരിക്കേറ്റു. പതിനഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയാണ് അപകടം. ഉൾക്കൊള്ളാവുന്നതിലുമധികം കാണികൾ ഗ്യാലറിയിൽ ഉണ്ടായിരുന്നു. എണ്ണായിരത്തോളം പേർ ടൂർണമെന്റ് കാണാനെത്തിയതായാണ് വിവരം.
മലപ്പുറത്തെ ഏറ്റവും പ്രശസ്തമായ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആയത് കൊണ്ട് തന്നെ ഫൈനൽ മത്സരം കാണാൻ ധാരാളം പേർ എത്തിയിരുന്നു. ഫൈനൽ മത്സരത്തിന് തൊട്ടു മുമ്പാണ് ഗ്യാലറി തകർന്ന് വീണത്. കിഴക്ക് വശത്ത് മാത്രം മൂവായിരത്തോളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗ്യാലറി തകര്‍ന്നുവീഴാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. പരിക്കേറ്റവരിൽ കുട്ടികളുൾപ്പെടെയുള്ളവർ ഉണ്ട്. പരിക്കേറ്റവരിൽ പകുതിയിൽ അധികം പേരെയും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ബാക്കിയുള്ളവരെ പെരിന്തൽമണ്ണയിലേയും മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗ്യാലറിയിൽ കൊള്ളാവുന്നതിലും കൂടുതൽ പേരെ പ്രവേശിപ്പിച്ച സംഘാടകർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ് പി പറഞ്ഞു. അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.