*12.8 ലക്ഷം സമ്മാനം ലഭിച്ചെന്ന സന്ദേശം വീട്ടമ്മക്ക് സ്‌ക്രാച്ച് കാര്‍ഡ് അയച്ച് പണംതട്ടാന്‍ ശ്രമം*

*നെടുങ്കണ്ടം മുല്ലവേലിൽ മിനി ഷാജിയുടെ വിലാസത്തിൽ ലഭിച്ച കത്തും സ്‌ക്രാച്ച് കാർഡും*
നെടുങ്കണ്ടം: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയ വീട്ടമ്മയുടെ വിലാസത്തിലേക്ക് ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയുടേതെന്ന വ്യാജേന സ്‌ക്രാച്ച് കാര്‍ഡ് രജിസ്റ്റേര്‍ഡായി അയച്ചുനല്‍കി തട്ടിപ്പിന് ശ്രമം. തപാലില്‍വന്ന കത്തും സ്‌ക്രാച്ച് കാര്‍ഡും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ പണംനഷ്ടമാകാതെ വീട്ടമ്മ രക്ഷപ്പെട്ടു.

നെടുങ്കണ്ടം മുല്ലവേലില്‍ എം.എസ്.ഷാജിയുടെ ഭാര്യ മിനി ഷാജിയുടെ പേരിലാണ് തിങ്കളാഴ്ച ഓണ്‍ലൈന്‍ വ്യാപാരശൃംഖലയുടെ പേരും ലോഗോയുമുള്ള കത്തും സ്‌ക്രാച്ച് കാര്‍ഡും വന്നത്. വീട്ടമ്മ കാര്‍ഡ് ചുരണ്ടിയപ്പോള്‍ കണ്ടത് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്ന സന്ദേശം. കത്തുലഭിച്ചതിന് പിന്നാലെ സമ്മാനം ലഭിച്ചതായി വിവരിക്കുന്ന ഒരുസന്ദേശവും വീട്ടമ്മയുടെ മൊബൈലിലേക്ക് വന്നു.

കാര്യമെന്താണെന്ന് മനസ്സിലാകാഞ്ഞതിനാല്‍ കത്തും കാര്‍ഡും വീട്ടമ്മ പൊതുപ്രവര്‍ത്തകനായ ഭര്‍ത്താവ് ഷാജിക്ക് കൈമാറി. ഷാജി സന്ദേശം അയച്ച നമ്പരിലേക്ക് തിരികെ വിളിച്ചപ്പോള്‍, ഓണ്‍ലൈന്‍ വ്യാപാരശൃംഖലയിലെ ജീവനക്കാരാണെന്ന രീതിയില്‍ മലയാളവും ബംഗാളിയുംകലര്‍ന്ന ഭാഷയില്‍ ഒരാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു. താങ്കള്‍ക്ക് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനായി അക്കൗണ്ട് വിവരങ്ങളും യു.പി.ഐ. ഇടപാടിലൂടെ 12,000 രൂപയും അയാള്‍ ആവശ്യപ്പെട്ടു.
പണമാവശ്യപ്പെട്ടപ്പോള്‍തന്നെ ഇത് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ കോള്‍ കട്ടുചെയ്തതായും ഷാജി പറഞ്ഞു. പണം നഷ്ടപ്പെടാത്തതിനാല്‍ വീട്ടമ്മ പരാതികളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറില്‍ തൂക്കുപാലത്ത് ഇലക്ട്രോണിക്‌സ് കട നടത്തുന്ന വ്യാപാരിയുടെ വിലാസത്തിലും ഓണ്‍ലൈന്‍ വ്യാപാരശൃംഖലയുടെ പേരില്‍ സമാനരീതിയില്‍ കത്തും സ്‌ക്രാച്ച് കാര്‍ഡും വന്നിരുന്നു.

അന്ന് വ്യാപാരിക്ക് കാര്‍ഡ് ചുരണ്ടിയപ്പോള്‍ ലഭിച്ച സമ്മാനം ആഡംബര കാറായിരുന്നു. തട്ടിപ്പ് തിരച്ചറിഞ്ഞതിനാല്‍ വ്യാപാരിക്കും അന്ന് പണം നഷ്ടമായിരുന്നില്ല. രണ്ടുമാസം മുമ്പ് നിലവിലില്ലാത്ത മൊബൈല്‍ സേവനദാതാവിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ നെടുങ്കണ്ടം സ്വദേശിയായ യുവാവിന് 4000 രൂപ നഷ്ടമായിരുന്നു.

ഓണ്‍ലൈന്‍ വ്യാപാരസൈറ്റുകള്‍ വഴി പാര്‍ട്ട്-ടൈം ജോലി വാഗ്ദാനം, കോവിഡ് ധനസഹായമായി വായ്പ തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന തട്ടിപ്പുകള്‍ വേറെയുമുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികളാണ് പോലീസിന് ലഭിക്കുന്നത്. പരാതിക്കാരില്‍ ഭൂരിഭാഗവും സ്വന്തം വീഴ്ചമൂലമാണ് തട്ടിപ്പിനിരയാകുന്നതെന്നാണ് സൈബര്‍സെല്‍ കണ്ടെത്തിയിരിക്കുന്നത്.

പണംനഷ്ടമായെങ്കിലും അപമാനം ഭയന്ന് പരാതി നല്‍കാന്‍ മടിക്കുന്നവരുമുണ്ട്. ഫോണില്‍വരുന്ന അനാവശ്യ ലിങ്കുകള്‍ വഴിയോ, തപാലിലൂടെ ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡുകളിലെ നമ്പരുകള്‍ വഴിയോ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറാതിരിക്കുകയാണ് തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ വഴി.

കൂടാതെ സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക, യു.പി.ഐ. സംവിധാനങ്ങളില്‍ പണം അയയ്ക്കാനും ബാലന്‍സ് പരിശോധിക്കാനും മാത്രം പിന്‍നമ്പര്‍ ടൈപ്പ് ചെയ്യുക, ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധയോടെമാത്രം കൈകാര്യംചെയ്യുക എന്നിവയാണ് പോലീസ് നല്‍കുന്ന നിര്‍ദേശങ്ങൾ