കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല, 2022-23 സാമ്പത്തിക വർഷം 83,49,00,000 രൂപ വരവും 90,58,40,000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു
"സർവകലാശാലയിൽ ഈ വർഷം ഫിലോസഫി ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ് അടക്കം 12 ബിരുദ കോഴ്സുകളും 5 ബിരുദാനന്തര ബിരുദ കോഴ്സുകളും ആരംഭിക്കും. ആഗസ്റ്റിൽ അഡ്മിഷൻ ആരംഭിക്കും. സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ നടത്തുന്ന ബിരുദ, ബിരുദാനന്തര വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ഓപ്പൺ സർവകലാശാലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി അവയുടെ പഠനസാമഗ്രികളും സിലബസും യു.ജി.സിയുടെ അംഗീകാരത്തിന് സമർപ്പിക്കും. ഇതിനായി 1.50 കോടി രൂപ നീക്കിവച്ചു. തദ്ദേശ സ്ഥാപന ജനപ്രതിനിധികൾക്കുള്ള സർട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷ ഉടൻ നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സഹകരണ സ്ഥാപന പ്രതിനിധികൾക്കുള്ള കോഴ്സ്, ചലച്ചിത്ര നിർമ്മാണത്തിൽ ഡിപ്ലോമ കോഴ്സ്, ചലച്ചിത്രാസ്വാദനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവ ഈ വർഷം ആരംഭിക്കും. രാജ്യത്തെയും വിദേശത്തെയും സർവകലാശാലകൾ നടത്തുന്ന കോഴ്സുകൾ ഇവിടെ ആരംഭിക്കുന്നത് സംബന്ധിച്ച പഠനത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിക്കും. ഇതിനായി 10 ലക്ഷം വകയിരുത്തി.സർവകലാശാലയുടെ ആസ്ഥാന മന്ദിര നിർമ്മാണം ഈ വർഷ ആരംഭിക്കും. ഇതിനായി കൊല്ലം നഗരത്തിൽ 10 മുതൽ 20 ഏക്കർ വരെ സ്ഥലം കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. സ്ഥലത്തിനായി 35 കോടിയും കെട്ടിട നിർമ്മാണത്തിന് ആദ്യഗഡുവായി 10 കോടിയും വകയിരുത്തി.
*മറ്റ് വകയിരുത്തലുകൾ* വെള്ളയിട്ടമ്പലത്ത് തുടങ്ങുന്ന അക്കാഡമിക് ബ്ലോക്കിലെ ലൈബ്രറിക്ക് ഒരു കോടി, കമ്പ്യൂട്ടർ സെന്ററിന് 40 ലക്ഷം, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷന് ഒരു കോടി, റിപ്രോഗ്രഫിക് സെന്ററിന് 50 ലക്ഷം, കമ്പ്യൂട്ടർവത്കരണത്തിന് 40 ലക്ഷം തലശ്ശേരി ബ്രണ്ണൻ കോളേജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ്, തൃപ്പൂണിത്തുറ ഗവ കോളേജ് എന്നിവിടങ്ങളിലെ പ്രാദേശിക കേന്ദ്രങ്ങളുടെ വികസനത്തിന് 1.60 കോടി ശ്രീനാരായണ ഗുരു അന്തർദേശീയ സെമിനാർ- 10 ലക്ഷം കോഴ്സുകളെ കുറിച്ചുള്ള അന്വേഷണം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെ ഓൺലൈനാക്കുന്ന അതിനൂതന സോഫ്റ്റ്‌വെയറിനായി 2 കോടി
*ഓപ്പൺ സർവകലാശാല ആസ്ഥാനത്തിന് മാസ്റ്റർ പ്ലാൻ*
ശ്രീനാരായണ ഗുരു നവോത്ഥാന മ്യൂസിയം
കൊല്ലം: നഗര ഹൃദയത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനത്തിന് ഉടൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ അഡ്വ. ബിജു കെ. മാത്യു ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 75 ലക്ഷം രൂപ പ്രഖ്യാപിച്ചു.
ആസ്ഥാന മന്ദിരത്തിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക്ക് ബ്ലോക്ക് ആൻഡ് ട്രെയിനിംഗ് സെന്റർ, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, ഗവേഷണ കേന്ദ്രം, ശ്രീനാരായണഗുരു നവോത്ഥാന മ്യൂസിയം, പബ്ലിക്കേഷൻ ഡിവിഷൻ, കായിക വിനോദ സംവിധാനങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, സ്റ്റാഫുകൾക്കുള്ള റെസിഡൻഷ്യൽ കോംപ്ലക്സ്, ഹോസ്റ്റൽ, ഉയർന്ന ഉദ്യോഗസ്ഥർക്ക് ബംഗ്ലാവ്, ഓഡിറ്റോറിയം, തീയേറ്റർ,കാന്റീൻ, സന്ദർശക ഗാലറി, ഗസ്റ്റ് ഹൗസ് എന്നിവ ഉണ്ടാകും.
*വമ്പൻ ലൈബ്രറി*
പുസ്തകങ്ങളുടെ എണ്ണത്തിലും ഉള്ളടക്കത്തിലും ഏറ്റവും വലിയ ലൈബ്രറി സർവകലാശാല വളപ്പിൽ സ്ഥാപിക്കും. ഇവിടെ നിന്ന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല, കൊല്ലത്തെ പൊതുജനങ്ങൾക്കും പുസ്തകമെടുക്കാം. ശ്രീനാരായണഗുരുവിന്റെ കൃതികളും പഠനങ്ങളും അടങ്ങുന്ന പ്രത്യേക ഗ്രന്ഥശേഖരം ലൈബ്രറിയിൽ ഒരുക്കും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവിടത്തെ ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കാം.
*പൈതൃക ഗവേഷണം*
കൊല്ലത്തിന്റെ പൗരാണികതയും പാരമ്പര്യവും വെളിച്ചത്ത് കൊണ്ട് വരാൻ സർവകലാശാലയുടെ നേതൃത്വത്തിൽ പ്രത്യേക ഗവേഷണം നടത്തും. ശ്രീനാരായണഗുരു നേതൃത്വം നൽകിയ 1905 ലെ സാംസ്കാരിക, വ്യാവസായിക ഫെസ്റ്റ്, അയ്യങ്കാളി നേതൃത്വം നൽകിയ കല്ലുമാല സമരം, പ്രാക്കുളം വിളംബരം തുടങ്ങി നവോത്ഥാന യാത്രയിലെ ചെറുതും വലുതുമായ സംഭവങ്ങളുടെ ആഴത്തിലുള്ള കണ്ടെത്തലാണ് ലക്ഷ്യം