കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ നിരത്തുകൾ കീഴടക്കാൻ എത്തുന്നത് 10 ഹെെഡ്രജൻ ബസുകളാണ്. സംസ്ഥാന ബജറ്റിൽ നിർദ്ദേശിച്ച പദ്ധതിയായ ഹെെഡ്രജൻ എസി ബസുകൾ ഇനിമുതൽ കൊച്ചിയിലെത്തുന്നവർക്കായി ഓടിത്തുടങ്ങും. ബസ് സർവ്വീസ് ആരംഭിക്കുന്നതു സംബന്ധിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചതായി കെഎംആർഎൽ അധികൃതർ വ്യക്തമാക്കി. മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡർ സർവീസുകളായിട്ടാണ് ഈ ബസുകൾ ഉപയോഗിക്കുക.
ഇപ്പോൾ ഫീഡർ സർവീസ് നടത്തുന്നത് ഇലക്ട്രിക് ബസുകളാണ്. ഹെെഡ്രജൻ ബസുകളുടെ ടെണ്ടർ കൊള്ളുന്നവർ ഹൈഡ്രജൻ ഫ്യുവൽ പ്ലാൻ്റും നിർമ്മിക്കണമെന്ന കരാർ വ്യവസ്ഥയുണ്ട്. ഏകദേശം ഒരു കോടിക്കും രണ്ടു കോടിക്കുമിടയിലാണ് ഒരു ബസിൻ്റെ വില പ്രതീക്ഷിക്കുന്നത്.
പുനഃരുപയോഗം സാധ്യമല്ലാത്ത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾക്ക് പകരക്കാരനായാണ് ഹെെഡ്രജൻ വാഹനങ്ങൾ നിരത്തിലിറക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിലവിൽ ഹൈഡ്രജൻ ബസ് സർവീസ് നടത്തുന്നുണ്ട്. ടാറ്റ മോട്ടോഴ്‌സും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്നാണ് 2018ൽ മുംബെെയിൽ വച്ച് ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ബസുകൾ പുറത്തിറക്കിയത്.
ഈ ബസുകളുടെ പ്രവർത്തനം ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിച്ചാണ്. ഹൈഡ്രജൻ ഇന്ധന സെല്ലിൽ ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് ഇലക്ട്രോ കെമിക്കൽ രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതോർജ്ജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹെെഡ്രജൻ വാഹനങ്ങൾക്കുള്ള മേന്മ ഉയർന്ന കാര്യക്ഷമതയും ഫ്യൂവൽ സെല്ലുകൾ പെട്ടെന്നു റീഫ്യുവൽ ചെയ്യാമെന്നതുമാണ്.
നിരവധി ഗുണങ്ങളും ഹെെഡ്രജൻ ബസുകൾക്കുണ്ട്. മറ്റു വാഹനങ്ങൾ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാതകങ്ങൾ മാലിന്യമായി പുറന്തള്ളുമ്പോൾ ഹൈഡ്രജൻ ബസുകളിൽ വെള്ളമാണ് അത്തരത്തിൽ പുറന്തള്ളുന്നത്. ഹൈഡ്രജൻ വാഹനങ്ങളിൽ കാർബൺ ഡയോക്‌സൈഡ് പോലെയുള്ള വാതകങ്ങൾ ഉണ്ടാകില്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. പരിസ്ഥിതി മലിനീകരണം ഈ ബസുകളിൽ ഉണ്ടാകുന്നുമില്ല
അതേസമയം ഉയർന്ന ഊർജ്ജക്ഷമതയാണ് മറ്റൊരു പ്രത്യേകത. കിലോഗ്രാമിനു 130 മെഗാജ്യൂളാണ് ഹൈഡ്രജൻ്റെ ഊർജ്ജസാന്ദ്രത. മാത്രമല്ല ബസുകളിൽ ഹൈഡ്രജൻ നിറയ്ക്കാൻ വെറും ഏഴ് മിനിറ്റ് മതിയാകും. പമ്പുകളിൽ നിന്നു പെട്രോളോ ഡീസലോ നിറയ്ക്കുന്നതിനു സമാന സമയത്തിനുള്ളിൽത്തന്നെ ബസുകളിൽ ഹെെഡ്രജൻ നിറയ്ക്കാനാകുമെന്നുള്ളതും പ്രത്യേകതയാണ്. ഒരുകിലോ ഹെെഡ്രജന് 900- 1000 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.