BREAKING NEWS തിരിച്ചടിക്കാൻ യുക്രൈൻ;പട്ടാള നിയമം പ്രഖ്യാപിച്ചു, റഷ്യൻ വിമാനം വെടിവച്ചിട്ടു

കീവ്:യുക്രൈനിൽ പട്ടാള നിയമം പ്രഖ്യാപിച്ചു. റഷ്യൻ വിമാനം വെടിവച്ചിട്ടെന്ന്‌ യുക്രൈൻ സ്ഥിരീകരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്കി പറഞ്ഞു. ആളുകൾ വീടുകളിൽ തുടരാൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. റഷ്യൻ സൈന്യം ലക്ഷ്യം വയ്ക്കുന്നത് സൈനിക കേന്ദ്രങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യയുടേത് നീതീകരിക്കാനാകാത്ത നടപടിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കയും നാറ്റോയും തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്കിയുമായി ജോ ബൈഡൻ സംസാരിച്ചു. റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്‍ത്തണമെന്ന് ബൈഡന്‍ ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്‍ നിന്ന് പതിവായി അപ്ഡേറ്റുകള്‍ ലഭിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ജി 7 കൂടിക്കാഴ്ച ചേരും. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കയും മറ്റ് സഖ്യകക്ഷികളും നടപ്പിലാക്കുന്നതിനെപ്പറ്റി പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു