ആര്യ ബാബു, യുക്രൈനിൽ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് പുക ഉയരുന്നു, യുക്രൈനിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | Photo: AFP, AP
റഷ്യയുടെ ആക്രമണത്തിലകപ്പെട്ട യുക്രൈനില്‍ ഭീതിയോടെയാണ് കഴിയുന്നതെന്ന് മലയാളി വിദ്യാര്‍ഥിനിയായ ആര്യ ബാബു. യുദ്ധസാഹചര്യത്തില്‍ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാതെ കഴിയുകയാണ്, എംബസിയില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് നാട്ടിലേക്ക് തിരിക്കുമെന്നും ആര്യ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. ഒഡേസ നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അഞ്ചാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആര്യ. എറണാകുളം ജില്ലയിലെ മനീട് സ്വദേശിയാണ്.
യുദ്ധത്തിന്റെ വിവരം അറിഞ്ഞതിനു പിന്നാലെ ആര്യയും സുഹൃത്തുക്കളും പുറത്തിറങ്ങി അത്യാവശ്യത്തിനുള്ള സാധനങ്ങളെല്ലാം വാങ്ങിവെച്ചിരുന്നു. എടിഎമ്മില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ കയ്യില്‍ ബാക്കിയുണ്ടായിരുന്ന പണമുപയോഗിച്ചാണ് സാധനങ്ങള്‍ വാങ്ങിയത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റ് കടകളിലും വലിയ തിരക്കാണുള്ളത്. പേടികൊണ്ട് ആളുകള്‍ പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്. വെള്ളത്തിന് ഓര്‍ഡര്‍ ചെയ്തിട്ടും അതൊന്നും കിട്ടിയില്ല. എടിഎമ്മിന് മുന്നില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാലും പണം കിട്ടാത്ത സാഹചര്യമാണുള്ളത്. ഇതുപോലെ തുടര്‍ന്നാല്‍ ഭക്ഷണത്തിന് ദൗര്‍ലഭ്യമുണ്ടായേക്കാമെന്നും ആര്യ പറഞ്ഞു.
ഒഡേസയിലാണ് ആര്യ താമസിക്കുന്നത്. നില്‍ക്കുന്ന സ്ഥലത്ത് പ്രശ്‌നങ്ങളൊന്നുമില്ല. രാവിലെ മൂന്ന് സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടു. മണിക്കൂറുകള്‍ക്ക് മുന്‍പ് മറ്റൊരു ശബ്ദവും കേട്ടു. ഒഡേസയിലെ പോര്‍ട്ടില്‍ റഷ്യ ബോംബാക്രമണം നടത്തിയെന്നാണ് ഇവര്‍ക്ക് കഴിഞ്ഞത്. ആശങ്കയുള്ളതിനാല്‍ പുറത്തിറങ്ങാതെ കഴിയുകയാണ് വിദ്യാര്‍ഥി സംഘം.
ഒഡേസയില്‍ മാത്രം ഇരുന്നൂറിലേറെ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ഥികളാണുള്ളത്. കുറച്ചുപേര്‍ ഇതിനോടകം നാട്ടിലേക്ക് തിരിച്ചു. ഒഴിപ്പിക്കല്‍ സംബന്ധിച്ച് എംബസിയില്‍ നിന്ന് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അറിയിപ്പ് കിട്ടുന്നത് മുറയ്ക്ക് പുറപ്പെടാനായി എല്ലാം തയ്യാറാക്കി വെച്ചിരിക്കുകയാണ് ഇവര്‍. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി പുറപ്പെടാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ആശങ്കയുണ്ടെങ്കിലും പുറത്തൊക്കെ എല്ലാം സാധാരണനിലയിലാണ്. സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ആളുകള്‍ പുറത്തിറങ്ങുന്നുണ്ട്. എല്ലായിടത്തും സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തിരക്കാണുള്ളത്.
ഇന്ത്യയിലേക്ക് നിര്‍ബന്ധമായും തിരിച്ചുപോകണമെന്നൊന്നും ഇവര്‍ക്ക് എംബസിയില്‍ നിന്ന് നിര്‍ദേശം കിട്ടിയിട്ടില്ല. ആവശ്യമെങ്കില്‍ പോകാം എന്നാണ് പറഞ്ഞത്. എംബസി പറയുന്നത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉണ്ടാവും എന്നാണ്. എന്നാല്‍ യൂണിവേഴ്‌സിറ്റി ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പഠനത്തെ ബാധിക്കുമെന്നതിനാല്‍ തിരിച്ചുപോകാനും ആശങ്കയുണ്ട്. യുക്രൈന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക അറിയിപ്പുകളോ നിര്‍ദേശങ്ങളോ ഒന്നും ലഭിച്ചിട്ടില്ലെന്നും ആര്യ പറഞ്ഞു.
യുക്രൈനില്‍ നിന്ന് താല്‍ക്കാലികമായി തിരിച്ചുവരണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്കും ഇന്ത്യാക്കാര്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ കോഴ്‌സിന്റെ കാര്യവും വിമാന നിരക്ക് ഉയര്‍ന്നതുമാണ് ഇവര്‍ക്ക് തടസ്സങ്ങളായി ഉണ്ടായിരുന്നത്. മുന്‍പ് മുപ്പതിനായിരം രൂപയ്ക്ക് നാട്ടില്‍ പോയി തിരിച്ചുവരാന്‍ കഴിയുമായിരുന്നെങ്കില്‍ അടുത്തിടെ ടിക്കറ്റ് നിരക്ക് എഴുപതിനായിരം വരെ എത്തിയിരുന്നു.
ആര്യയുടെ കോഴ്‌സ് കഴിയാന്‍ ഇനി ഒന്നരവര്‍ഷം കൂടിയാണ് ബാക്കിയുള്ളത്. പഠനം എങ്ങനെ തുടരുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടെങ്കിലും വിമാനസര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ തന്നെ നാട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറായിരിക്കുകയാണ് ആര്യയും കൂട്ടുകാരും