ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായാണ് പട്ടികജാതി - മുന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ബിപിഎൽ ഗുണഭോക്‌തൃ കുടുംബത്തിലെ 60 വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തത്. ആഞ്ഞിലി തടിയിൽ തീർത്ത ഗുണമേൻമയുള്ള കട്ടിലുകളാണ് ഗുണഭോക്താക്കൾക്ക് നൽകിയത്. 1 ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ് രൂപ എസ്.സി ഫണ്ടിൽ നിന്നും ചിലവഴിച്ച് 30 പേർക്കും, 5 ലക്ഷത്തി 25000 രൂപ ചിലവിട്ട് ജനറൽ വിഭാഗത്തിലെ 200 പേർക്കും കട്ടിലുകൾ കൈമാറിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഈ പദ്ധതിയിലൂടെ ജനറൽ വിഭാഗത്തിലെ ബിപിഎൽ ഗുണഭോക്താക്കൾക്ക് കട്ടിൽ ലഭ്യമാവുന്നത്.
ബോയ്സ് ഹയർസെക്കൻഡറി സ്കൂളങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ രെജി സ്വാഗതവും, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അധ്യക്ഷതയും വഹിച്ചു. എസ്.സി ഓഫീസർ സുകന്യ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.നജാം, വികസന കാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ എസ്.ഷീജ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി എസ്.വിശ്വനാഥൻ യോഗത്തിന് നന്ദിയും അറിയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ രമ്യസുധീർ, ഗിരിജടീച്ചർ, കൗൺസിലർമാർ, അങ്കൻവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.