തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനരന്വേഷണമെന്ന് ദിലീപ്

കൊച്ചി:വധശ്രമ ഗൂഢാലോചനക്കേസിൽ തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനരന്വേഷണമെന്ന് ദിലീപ്. ബൈജു പൗലോസിനെതിരെ പരാതി നൽകിയതിനു ശേഷമാണ് പുതിയ ആരോപണങ്ങൾ ഉണ്ടായതെന്ന് ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു. പൊലീസ് ഇല്ലാക്കഥ സൃഷ്ടിക്കുകയാണ്. തുടരന്വേഷണമെന്ന പേരിൽ ഇപ്പോൾ നടക്കുന്നത് പുനരന്വേഷണമാണ്. ഇത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും ദിലീപിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദമായി ഉന്നയിച്ചു. 

ദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വധഗൂഢാലോചനക്കേസിൽ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയത്. ക്രൈം ബ്രാഞ്ച് നോട്ടിസിന് അഡ്വ. ബി രാമൻ പിള്ള മറുപടി നൽകി. താൻ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസിൽ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തിൽ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾപോലും ഇല്ല. അതിനാൽ തന്നെ ഈ ആരോപണത്തിൽ തനിക്ക് ഹാജരാകാനോ വിശദീകരണം നൽകാനോ കഴയില്ലെന്ന് അഡ്വ. ബി രാമൻ പിള്ള ക്രൈം ബ്രാഞ്ചിന് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും.