*ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പരിശീലനവുമായി കാരുണ്യ ബഡ്‌സ്‌ സ്കൂൾ*

പോത്തൻകോട്: ഗ്രാമപ്പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം സ്വയംതൊഴിൽ കണ്ടെത്താനുള്ള പദ്ധതി ശ്രദ്ധേയമാകുന്നു. വേങ്ങോട് കാരുണ്യ ബഡ്‌സ് സ്കൂളിലാണ് കരുണ എന്ന പേരിൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും അവരുടെ അമ്മമാരെയുമാണ് ഈ തൊഴിൽ പരിശീലന പദ്ധതിയിൽ അംഗങ്ങളാക്കിയിട്ടുള്ളത്.

മെഴുകുതിരി, ലോഷൻ, വാഷിങ് സോപ്പ്, കുളിസോപ്പ്, ഓഫീസ് ഫയൽ, ചന്ദനത്തിരി, നോട്ട്പാഡ്, പേപ്പർബാഗ്, ആപ്ലിക്കേഷൻ കവർ എന്നിവയുടെ നിർമാണമാണ് നടക്കുന്നത്.
ജില്ലാ കുടുംബശ്രീ മിഷനാണ് സ്‌കൂളിൽ പദ്ധതി നടപ്പിലാക്കുന്നത്. ആറുമാസം മുമ്പാണ് കരുണ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങിയത്. ഒരു മാസം മുമ്പ് സ്കൂളിനു മുന്നിൽ ഒരു ചെറിയ കട തുടങ്ങി പ്രവർത്തനം വിപുലീകരിച്ചു. ഇവിടെ പഠിക്കുന്ന 18 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് സ്വയം തൊഴിൽ പരിശീലനം തുടങ്ങിയത്.
ഉത്‌പാദനസാമഗ്രികൾ വാങ്ങുന്നതിനായി എൺപതിനായിരം രൂപ അനുവദിക്കുകയും ചെയ്തു. സുജ, ഷഹർബാൻ, ഷൈനി, അജിതകുമാരി, സുഗന്ധി എന്നിവരാണ് ഇപ്പോൾ സംഘത്തിലുള്ളത്. ഇവർക്കുവേണ്ട നിർദേശങ്ങൾ നല്കുന്നതിനും സഹായിക്കുന്നതിനുമായി ബഡ്‌സ് സ്‌കൂൾ അധ്യാപികമാരായ എസ്.സുജിമയും വിദ്യയും കൂടെത്തന്നെയുണ്ട്. സ്‌കൂളിന്റെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ പത്ത്‌ വിദ്യാർഥികളെക്കൂടി ഇതിൽ ഉൾപ്പെടുത്തി ഉത്‌പാദനം കൂട്ടാൻ കഴിയും. കടയിൽ പച്ചക്കറികളും വിൽക്കുന്നുണ്ട്.
സ്‌കൂളിലെത്തുന്ന ചില വിദ്യാർഥികൾക്ക് അടിക്കടി അസുഖങ്ങളുണ്ടാകുന്ന സാഹചര്യമുള്ളതിനാൽ രക്ഷിതാക്കളും അവരോടൊപ്പം സ്‌കൂളിൽ വരേണ്ടിവരും. ഇവർക്ക് മറ്റു ജോലികൾക്കു പോകുവാനോ തൊഴിലുറപ്പ് ജോലി ചെയ്യാനുള്ള സാഹചര്യമോ നിലവിലില്ല. ഇതേത്തുടർന്നാണ് ഇത്തരത്തിലൊരു സംരംഭത്തെക്കുറിച്ച് ആലോചന നടന്നത്.

കുടുംബശ്രീ അംഗങ്ങളെക്കൊണ്ട് ഇവർ നിർമിക്കുന്ന സാധനങ്ങൾ വാങ്ങിക്കുവാനുള്ള ശ്രമം നടത്തിവരുന്നുണ്ട്. പഞ്ചായത്തിന്റെ വിപണനമേളകളിലും ഉൾപ്പെടുത്തി സഹായങ്ങൾ ചെയ്തു വരുന്നു.

വിപണനത്തിനുവേണ്ട സൗകര്യങ്ങൾ ഒരുക്കും

കരുണ യൂണിറ്റ് നിർമിക്കുന്ന സാധനങ്ങൾ വിറ്റഴിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇപ്പോൾ ത്തന്നെ പഞ്ചായത്തിന് അവശ്യംവേണ്ട സാധനങ്ങൾ കരുണ യൂണിറ്റിൽനിന്നുമാണ് വാങ്ങുന്നത്- ടി.ആർ.അനിൽകുമാർ, പോത്തൻകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌.

വിപണനകേന്ദ്രം വേണം

യൂണിറ്റിൽ നിർമിക്കുന്ന സാധനങ്ങൾ വിൽക്കുവാനുള്ള കേന്ദ്രമാണ് അത്യാവശ്യമായി വേണ്ടത്. ഒരു കട ലഭ്യമാക്കാൻ പഞ്ചായത്തധികൃതർ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്- എസ്.സുജിമ, ടീച്ചർ, കാരുണ്യ ബഡ്‌സ് സ്‌കൂൾ.