*ശിവഗിരി മഹാസമാധിയിലെത്തിയ മലങ്കര ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയെ സ്വാമി സച്ചിദാനന്ദ ഷാളണിയിച്ച് സ്വീകരിക്കുന്നു*
ശിവഗിരി: മലങ്കര ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ശിവഗിരി മഠം സന്ദർശിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. ശിവഗിരി മഹാസമാധിയിലെത്തിയ കാതോലിക്കാ ബാവയെ ഹാരവും ഷാളുമണിയിച്ചാണ് സ്വീകരിച്ചത്. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ബാവയ്ക്ക് സന്ന്യാസിമാർ പ്രസാദം നൽകി.
സന്ദർശക ഡയറിയിൽ അദ്ദേഹം അഭിപ്രായവും രേഖപ്പെടുത്തി.
സന്ന്യാസിമാർക്ക് കാതോലിക്കാ ബാവ ഒമ്പത് ഇനം പഴങ്ങൾ അടങ്ങിയ പഴക്കൂട സമ്മാനിച്ചു.
വർഗീയ ധ്രുവീകരണം ശക്തമാകുന്ന ഈ കാലഘട്ടത്തിൽ ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
ശിവഗിരി മഠത്തിലെ സ്വാമിമാരായ അമേയാനന്ദ, ധർമചൈതന്യ, നിത്യസ്വരൂപാനന്ദ, ദേവചൈതന്യ, നിവേതനാനന്ദ, സൈഗൻ എന്നിവരും ബാവയെ സ്വീകരിക്കാനെത്തി.
മലങ്കര ഓർത്തഡോക്‌സ് സഭയിലെ മുതിർന്ന വൈദികനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, സഭാ മാനേജിങ് കമ്മിറ്റി അംഗവും എം.ജി.എം. ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാൻ എന്നിവർ കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു.