*ആറ്റുകാൽ ഉത്സവം തുടങ്ങുന്നു: ഇന്ന് കാപ്പുകെട്ടി കുടിയിരുത്ത്*

പൊങ്കാല മഹോത്സവത്തിനു മുന്നോടിയായി ആറ്റുകാൽ ദേവിക്ഷേത്രം വൈദ്യുതദീപങ്ങളാൽ അലങ്കരിച്ചപ്പോൾ
തിരുവനന്തപുരം: ഭക്തസഹസ്രങ്ങൾ വരദാഭയം തേടിയെത്തുന്ന ആറ്റുകാൽ ഭഗവതിക്ഷേത്രം ഭക്തിലഹരിയിൽ. ഉത്സവത്തിന് മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് ബുധനാഴ്ച നടക്കും. 17-ന് രാവിലെ 10.50-നാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.
കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. വിശേഷാൽ പൂജകൾക്ക് ശേഷം രണ്ടു കാപ്പുകളിൽ ഒന്ന് മേൽശാന്തിയുടെ കൈയിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്. ഇതോടൊപ്പം ക്ഷേത്രത്തിന് മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ട് തുടങ്ങും. ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്. ഓരോ ദിവസവും പാടുന്ന കഥാഭാഗവും ആ ദിവസത്തെ ക്ഷേത്രച്ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്. ദേവിയെ പാടി കുടിയിരുത്തുന്ന ഭാഗമാണ് ആദ്യദിവസം പാടുന്നത്.
മൂന്നാം ഉത്സവ ദിവസമായ 11-ന് രാവിലെ കുത്തിയോട്ടവ്രതം ആരംഭിക്കും. ഇക്കുറി പണ്ടാര ഓട്ടത്തിനുള്ള ഒരു കുട്ടി മാത്രമാണ് വ്രതം നോൽക്കുന്നത്. കുത്തിയോട്ടത്തിനുള്ള ചൂരൽകുത്ത് 17-ന് രാത്രി 7.30-ന് നടത്തും. രാത്രി 10.30-ന് പുറത്തെഴുന്നള്ളത്ത് ആരംഭിക്കും. മണക്കാട് ശ്രീധർമശാസ്താ ക്ഷേത്രത്തിലെത്തുന്ന എഴുന്നള്ളത്ത്, പൂജകൾക്ക് അടുത്ത ദിവസം പുലർച്ചെ തിരിച്ചെഴുന്നള്ളും. 18-ന് രാത്രി 9.45-ന് ദേവിയുടെ കാപ്പഴിക്കും. 19-ന് പുലർച്ചയ്ക്ക് ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.

*പൊങ്കാല ഇക്കുറിയും വീടുകളിൽ മാത്രം*
:ആറ്റുകാൽ പൊങ്കാല ഇക്കുറിയും ഭക്തരുടെ വീടുകളിൽ മാത്രം. 200 പേർക്ക് ക്ഷേത്രസന്നിധിയിൽ പൊങ്കാലയർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അതു വേണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ തവണയും വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്.

*ദർശനത്തിനു വിപുലമായ സൗകര്യം*
:പതിവിൽ കൂടുതൽപ്പേരെത്തിയാലും കോവിഡ് മാനദണ്ഡം പാലിച്ച് ദർശനം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബി.അനിൽകുമാർ അറിയിച്ചു. മുൻ വർഷങ്ങളിലേതിനെക്കാൾ കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഒറ്റവരിയായാകും ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തിവിടുക. അകത്ത് തിരക്കുണ്ടാകാതെ ശ്രദ്ധിക്കും. പോലീസ്, ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, നഗരസഭ, കെ.എസ്.ആർ.ടി.സി., വൈദ്യുതി ബോർഡ് തുടങ്ങിയ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനമുണ്ടാകും. പാർക്കിങ്ങിനുള്ള ക്രമീകരണങ്ങളും വിപുലപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി കെ.ശിശുപാലൻനായർ അറിയിച്ചു.

ചൊവ്വാഴ്ച സന്ധ്യയോടെ ക്ഷേത്രപരിസരം ദീപാലംകൃതമായി. ബുധനാഴ്ച രാത്രി വിവിധ സ്ഥലങ്ങളിൽ നിന്നു ക്ഷേത്രത്തിലേക്കുള്ള വിളക്കുകെട്ടുകൾ എഴുന്നള്ളിച്ചു തുടങ്ങും.

പൊങ്കാലയോടനുബന്ധിച്ച് എല്ലാ കൊല്ലവും നഗരത്തിലെ വിവിധ സംഘടനകൾ കവലകൾ കേന്ദ്രീകരിച്ച് നടത്തുന്ന 10 നാൾ നീണ്ട പൂജയും മറ്റ് ആഘോഷങ്ങളും ചെറിയതോതിൽ ഇക്കുറിയും ഉണ്ടാകും.

*ആറ്റുകാലിൽ ഇന്ന്*
:പള്ളിയുണർത്തൽ രാവിലെ: 4.30, നിർമാല്യദർശനം: 5.00, ഉഷഃപൂജ, ശ്രീബലി: 6.40, പന്തീരടിപൂജ: 8.30, ലക്ഷാർച്ചന: 8.45, കാപ്പുകെട്ടി കുടിയിരുത്ത്: 10.50, ഉച്ചപൂജ: 11.30, ഉച്ചശ്രീബലി: 12.30, നടയടയ്ക്കൽ: 1.00, നടതുറക്കൽ: വൈകീട്ട് 5.00, അത്താഴപൂജ: രാത്രി 9.00, അത്താഴശ്രീബലി: 9.30, നടയടയ്ക്കൽ: 1.00

അംബ ഓഡിറ്റോറിയം:പ്രസാദമൂട്ട്: രാവിലെ 10.30, സംഗീതക്കച്ചേരി: രാത്രി 8.00, മണക്കാട് ഗോപന്റെ ഭക്തിഗാനമേള: 10.00

അംബിക ഓഡിറ്റോറിയം:നൃത്തനൃത്യങ്ങൾ, ശാസ്ത്രീയനൃത്തം: വൈകീട്ട് അഞ്ചുമുതൽ

അംബാലിക ഓഡിറ്റോറിയം: ഭജന, മിഴാവ് മേളം, സംഗീതക്കച്ചേരി: രാവിലെ അഞ്ചുമുതൽ. ഭജന, തിരുവാതിര, ക്ലാസിക്കൽ നൃത്തം: വൈകീട്ട് അഞ്ചു മുതൽ