നെയ്യാറ്റിൻകര∙ ആധുനിക കേരള സമൂഹത്തിന്റെ ശിലാസ്ഥാപനമാണ് 1888 ൽ അരുവിപ്പുറത്തു നടന്നതെന്നു സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. അതു കേവലം ഒരു വിഗ്രഹ പ്രതിഷ്ഠയായി കാണാനാവില്ല. അരുവിപ്പുറം പ്രതിഷ്ഠയുടെ 134–ാം വാർഷികത്തിന്റെയും ശിവരാത്രി ഉത്സവത്തിന്റെയും ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. ആ മഹാശിവരാത്രി ദിനത്തിൽ അരുവിപ്പുറത്തു ശ്രീനാരായണ ഗുരു നിർവഹിച്ചത് ആധുനിക സമൂഹത്തിന്റെ മാനിഫെസ്റ്റോയുടെ ഉദ്ഘാടനമാണെന്നു രാജേഷ് പറഞ്ഞു.
ലോകം കണ്ട സന്യാസിവര്യന്മാരിൽ നിന്നും ആത്മീയാചാരന്മാരിൽ നിന്നും വ്യത്യസ്തനാണ് ഗുരുദേവൻ. ഇഹലോകത്തെ നിഷേധിച്ചില്ല എന്നതാണു ഗുരുവിനെ വ്യത്യസ്തനാക്കുന്നതെന്നും രാജേഷ് പറഞ്ഞു. ശിവഗിരി മഠം ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷനായി. അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, എംഎൽഎമാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, ഐ.ബി.സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.