വർക്കല: വർക്കലയിൽ നടക്കുന്ന സാംസ്കാരിക പരിപാടികൾ ഏതായാലും അതിൽ പ്രാർഥനാഗീതം ആലപിക്കാനുള്ള ചുമതല പ്രൊഫ. ഗേളി ഷാഹിദിനായിരുന്നു. സംഗീതത്തെ അഭിനിവേശമായി സ്വീകരിച്ച് പാടാൻ ലഭിക്കുന്ന വേദികളെയെല്ലാം അവർ ധന്യമാക്കി.
കോളേജ് പ്രൊഫസറായി വിരമിച്ചശേഷം അവരുടെ ജീവിതം സമർപ്പിച്ചത് വർക്കലയിലെ സാംസ്കാരിക മേഖലയ്ക്കായിരുന്നു. സാംസ്കാരികമേഖലയിലെ നിറസാന്നിധ്യമായിരുന്നു. *വർക്കലയിലെ വാനമ്പാടിയെന്ന് സ്വയംവിശേഷിപ്പിച്ച ഗേളി ടീച്ചർ ജീവിതത്തോടു വിടപറഞ്ഞത് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിട പറഞ്ഞ അതേ ദിവസമാണ്*.
വർക്കലയിൽ നടക്കുന്ന ഏതു പൊതുപരിപാടിയിലും അവസരം കിട്ടിയാൽ ഗേളി ഷാഹിദ് പങ്കെടുക്കുമായിരുന്നു. പാട്ടുപാടിയും നൃത്തം ചെയ്തും അവർ മറ്റുള്ളവരെ ആനന്ദിപ്പിക്കുകയും അതുവഴി സ്വയം ആനന്ദം കണ്ടെത്തുകയും ചെയ്തു. ആരെയും ആകർഷിക്കുന്ന വേഷഭൂഷാദികളും ആഭരണങ്ങളുമണിഞ്ഞാണ് പരിപാടികളിൽ പങ്കെടുത്തിരുന്നത്. പുന്നമൂട് സംഗീത നടന ഗ്രൂപ്പ്, വർക്കല സർഗവേദി, ഗുരുവരുൾ സ്റ്റഡി സർക്കിൾ തുടങ്ങിയ സംഘടനകളുടെ മുഖ്യഭാരവാഹിയായി എല്ലാ വിശേഷദിവസങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വർക്കല ശ്രീകൃഷ്ണ നാട്യ അക്കാദമിയിലെ എല്ലാം പ്രോഗ്രാമുകളിലും ടീച്ചർ നിറസാന്നിധ്യമായിരുന്നു.
നല്ലൊരു മൃഗസ്നേഹികൂടിയായിരുന്നു. തെരുവിൽക്കഴിയുന്ന നായകളെ സംരക്ഷിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തി. വീട്ടിൽ ഇരുപതോളം പട്ടികളെയും ഏതാനും പൂച്ചകളെയും വളർത്തുന്നുണ്ട്. തെരുവിൽ ഏതെങ്കിലും നായയ്ക്ക് അപകടം പറ്റിയാൽ ഗേളി ടീച്ചർ ഓടിയെത്തുമായിരുന്നു.
കഴിഞ്ഞ 12 വർഷത്തിലേറെയായി ഇവർ തെരുവുനായകൾക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. വർഷങ്ങളായുള്ള ശീലം ലോക്ഡൗൺ കാലത്തും മുടക്കിയില്ല. എല്ലാ ദിവസവും അറുപതോളം തെരുവുനായകൾക്കാണ് അവർ അന്നമെത്തിച്ചത്. ദിവസവും നല്ലൊരു തുക ഇതിനായി ചെലവിടും.
കോളേജിൽ വിദ്യാർഥികളുടെ പ്രിയപ്പെട്ട ഗണിതാധ്യാപികയായിരുന്നു.
പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു തുടക്കം. തിരുവനന്തപുരം ഗവ. വിമെൻസ് കോളേജ്, നെട്ടയം സെൻട്രൽ പോളിടെക്‌നിക്, കുളത്തൂർ ഗവ. എൻജിനിയറിങ് കോളേജ്, ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജ്, വട്ടിയൂർക്കാവ് പോളിടെക്‌നിക്, കാര്യവട്ടം ഗവ. പോളിടെക്‌നിക്, കാര്യവട്ടം ഗവ. കോളേജ് എന്നിവിടങ്ങളിലാണ് ഔദ്യോഗികജീവിതം പൂർത്തിയാക്കിയത്.
തുടർന്നാണ് സാംസ്കാരിക പ്രവർത്തനങ്ങളിലും മൃഗങ്ങളോടുള്ള കാരുണ്യപ്രവർത്തനങ്ങളിലും സജീവമായത്
*അഡ്വ വി ജോയി*
പ്രൊഫ:ഗേളി ഷാഹിദ് വിട പറഞ്ഞു. വർക്കലയിലെ സാംസ്കാരിക,സ്വകാര്യ പരിപാടികൾക്ക് പ്രാർത്ഥന ചൊല്ലുന്ന ടീച്ചർ നമുക്ക് ചിരപരിചിതയാണ്.കരോക്കെ ഗാനമേളകളിലും അവർ നന്നായി പാടുമായിരുന്നു.നല്ല പ്രായമുണ്ടെങ്കിലും ശബ്ദത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു.ഏതെങ്കിലും പരിപാടിയിൽ പാടാൻ അവസരം ലഭിച്ചില്ലെങ്കിൽ എന്നോട് പരിഭവം പറയുമായിരുന്നു.വിവിധ പരിപാടികളിൽ കാണുമ്പോഴൊക്കെ ഒരു സെൽഫി ഉറപ്പായിരുന്നു .ടീച്ചർക്ക് വിട ....