ദേശീയപാതയിൽ തോട്ടയ്ക്കാട് കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.


കല്ലമ്പലം: ദേശീയപാതയിൽ തോട്ടയ്ക്കാട് കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. മേലേകടയ്ക്കാവൂർ കുന്നുവിള വീട്ടിൽ വിനോദിന്റെയും ബീനയുടെയും മകൻ മനു (24) ആണ് മരിച്ചത്. കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ (30), കൊല്ലം ആശ്രാമം സ്വദേശി ആകാശ് (22), ചിറയിൻകീഴ്‌ തിനവിള സ്വദേശി ശ്യാം (20) എന്നിവർക്കാണ് പരിക്കേറ്റത്. മനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റവരെ കൊല്ലം മിഡി സിറ്റി ആശൂപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓട്ടോയും എതിർ ദിശയിൽ നിന്നും വരുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബൈക്ക് ഓടിച്ചിരുന്ന ആളിനും ഓട്ടോ മറിഞ്ഞ് ഓട്ടോയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്നവർക്കുമാണ് പരിക്കേറ്റത്.മരിച്ച മനുവും ഒട്ടോയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ മുഴുവൻ പേരെയും ആദ്യം കെ.ടി .സി .ടി അശൂപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മറ്റ് ആശൂപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.