*ശാർക്കരയിൽ കാളിയൂട്ട് ചടങ്ങുകൾ ആരംഭിച്ചു*

കാളിയൂട്ടിന് ആരംഭം കുറിച്ച് ശാർക്കര ക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ നടന്ന കുറികുറിക്കൽ

ചിറയിൻകീഴ് : ചരിത്രപ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന് ആരംഭമായി. വ്യാഴാഴ്ച രാവിലെ 8.30-നുമേൽ 9-നകമുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്ര മേൽശാന്തി ചിറക്കര നന്ദനമഠത്തിൽ പ്രേംകുമാർ പോറ്റിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് ആരംഭിച്ചത്.
ക്ഷേത്ര ഭണ്ഡാരപ്പിള്ള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബ കാരണവരായ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ കുടുംബാംഗം ജി.ജയകുമാർ താളിയോലയിൽ നാരായംകൊണ്ട് നീട്ടെഴുതി. തുടർന്ന് ഓലകളിലൊന്ന് കാളിയൂട്ട് നടത്തിപ്പിനായി പൊന്നറ കുടുംബത്തിലെ കാരണവർ കൊച്ചുനാരായണ പിള്ളയുടെ മകൻ ഉണ്ണികൃഷ്ണന് കൈമാറി. രണ്ടാമത്തെ കുറിമാനം വാദ്യക്കാരനായ മാരാർക്കും നൽകി. ഒരു നീട്ട് ഭണ്ഡാരപ്പിള്ള കൈവശം സൂക്ഷിക്കും. ആറ്റിങ്ങൽ പൊന്നറ കുടുംബത്തിനാണ് കാളിയൂട്ട് നടത്തിപ്പിന്റെ അവകാശം. 21 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ 151 പേരാണ് കാളിയൂട്ടാചാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നത്. മതസൗഹാർദത്തിന്റെകൂടി പ്രതീകമാണ് കാളിയൂട്ട് ചടങ്ങുകൾ. വിവിധ മതവിഭാഗക്കാർ പല ഘട്ടങ്ങളിലായി കാളിയൂട്ട് ചടങ്ങുകളിൽ പങ്കുകൊള്ളും.

ഒന്നാം ദിവസത്തെ ചടങ്ങായ വെള്ളാട്ടം കളിയും കുരുത്തോലത്തുള്ളലും ക്ഷേത്രത്തിനു സമീപത്തെ തുള്ളൽപ്പുരയിൽ രാത്രിയിൽ അരങ്ങേറി. രണ്ടാം ദിനമായ വെള്ളിയാഴ്ച കുരുത്തോലയാട്ടം അരങ്ങേറും. ഒൻപതാം ദിനമായ മാർച്ച് നാലിനാണ് നിലത്തിൽപ്പോരും ദാരിക നിഗ്രഹവും. ക്ഷേത്രത്തിലെ ശാന്തിമാർ, ദേവസ്വം ബോർഡ് ജീവനക്കാർ, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ഉൾപ്പെടെ ഒട്ടേറെ ഭക്തരും വ്യാഴാഴ്ച നടന്ന കുറികുറിക്കൽ ചടങ്ങിൽ പങ്കെടുത്തു.