*കോവിഡ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..*

*ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056))*

കോവിഡ് രോഗി ആത്മഹത്യ ചെയ്ത നിലയിൽ. നെടുമങ്ങാട് റിംസ് ആശുപത്രിയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് സംഭവം. 

ആര്യനാട് കുളപ്പട സ്വദേശി ജോൺ ഡി (50)  ആണ് ആത്മഹത്യ ചെയ്തത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സിഎസ്എല്‍ടിസി ആയി പ്രവർത്തിക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. ഇന്ന് രാവിലെ നഴ്സ് ഇന്‍ജക്ഷന്‍ എടുക്കാൻ വന്നപ്പോഴാണ് രോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസമായി ഇയാൾ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുകയായിരുന്നു. പ്രമേഹ രോഗിയായിരുന്നു.

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷാദം, മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ നേരിടുന്നവരിൽ കൊവിഡ് കാലത്തെ ഒറ്റപ്പെടലും അവഗണനയും കടുത്ത പിരിമുറുക്കമാണ് ഉണ്ടാക്കുന്നത്. ചെറിയ ഒരു ശ്രദ്ധകുറവ് പോലും അങ്ങനെയുള്ളവരെ അപകടത്തിലേക്ക് എത്തിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിരീക്ഷണത്തിലുള്ളവർക്കും ചികിത്സയിലുള്ളവർക്കും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിന് പ്രധാന കൊവിഡ് ആശുപത്രികളിൽ പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും തുടരുന്ന ആത്മഹത്യകൾ സൂചിപ്പിക്കുന്നത് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും കൂടുതൽ ശ്രദ്ധ വേണമെന്നതാണ്.