*അന്തര്‍ സംസ്ഥാന മോഷ്ടാവ് ടെന്‍ഷന്‍ സുരേഷ് പിടിയില്‍*

കോഴിക്കോട്: നിരവധി ഭവനഭേദന കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെൻഷൻ സുരേഷ് (40) പിടിയിൽ. കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്ജിന്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കാവൽ സ്ക്വാഡും കസബ പോലീസും ചേർന്നാണ് സുരേഷിനെ പിടികൂടിയത്.
കണ്ണൂർ സെൻട്രൽ ജയിലിൽ നാലു വർഷവും കോഴിക്കോട് ജയിലിൽ ഒരു വർഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ സുരേഷ് മലപ്പുറം ജില്ലയിലെ പതിനഞ്ചോളം കടകൾ തകർത്ത് മോഷണം നടത്തിയിരുന്നു. തുടർന്ന് ചെന്നൈയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പിന്നീട് അവിടുത്തെ ഗുണ്ടാ നേതാവിനോടൊപ്പം കവർച്ചാ കേസിൽ ഉൾപ്പെട്ടു. അവിടെ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുന്നതിനിടയിൽ വയനാട് ജില്ലയിൽ രണ്ട് ഭവനഭേദനം നടത്തി. പിന്നീട് കോഴിക്കോട് ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്നു.

ലഹരിമരുന്ന് വിൽപന കേസിലേയും പ്രതിയാണ്. കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി കസബ ഇൻസ്പെക്ടർ എം. പ്രജീഷിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ കാവലിന്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സുരേഷിനെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കസബ സബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത്, കോഴിക്കോട് സിറ്റി കാവൽ സ്ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ.അബ്ദുൾ റഹിമാൻ, കെ.പി മഹീഷ്, എം. ഷാലു, മഹേഷ് പൂക്കാട്, സി.കെ. സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്