തിരുവനന്തപുരം: പ്രാർഥനാപൂർവം കാത്തിരുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ഒരുനാൾ. ഭക്തരെ വരവേൽക്കാനും വീട്ടുമുറ്റത്ത് പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പിനും തലസ്ഥാനം ഒരുങ്ങി. പോയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം, വൻതോതിലല്ലെങ്കിലും വിറകും കൊതുമ്പും ചൂട്ടുകറ്റയും മൺകലങ്ങളും വഴിയരികിൽ വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്. പൊങ്കാലയിടുന്ന തലസ്ഥാന നിവാസികളെ മാത്രം ഉദ്ദേശിച്ചുള്ള വിൽപ്പനയായതിനാൽ അളവിലും കുറവുണ്ട്. മനസ്സിൽ മഹാമായയുടെ അഭയമന്ത്രം ഉരുക്കഴിച്ച് തലസ്ഥാനത്തെ വിശ്വാസികൾ പൊങ്കാലയിടാൻ തയ്യാറെടുത്തു കഴിഞ്ഞു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ കവലകളും ദീപാലംകൃതമായി. തമ്പാനൂർ മുതൽ നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാലമ്മയുടെ വർണചിത്രം പൂജിക്കാനുള്ള പീഠങ്ങൾ ഒരുക്കി. ചൊവ്വാഴ്ച മുതൽ മൂന്നുനാൾ ഇവയ്ക്ക് മുന്നിൽ വിളക്കും പൂക്കളുമർപ്പിച്ച് വണങ്ങുന്നതാണ് ആരാധനാരീതി. വ്യാഴാഴ്ച പൊങ്കാലയ്ക്കുശേഷം പീഠങ്ങൾ ഇളക്കും. വർണക്കടലാസുകളും തുണിയും ഉപയോഗിച്ച് ക്ഷേത്രമാതൃകയിലാണ് എല്ലായിടത്തും പൂജാപീഠങ്ങൾ ഒരുക്കുന്നത്. ഇവയിൽ വർണവിളക്കുകൾ പ്രഭ ചൊരിയും. ഉച്ചഭാഷിണികളിലൂടെ ദേവീസ്തുതികൾ ഉയരും.
ഇത്തരം പൂജാപീഠങ്ങൾ കേന്ദ്രീകരിച്ചാണ് ഭക്തസംഘടനകൾ മുൻപ് പൊങ്കാലയുടെ ആഘോഷവും മറ്റ് ക്രമീകരണങ്ങളും നടത്തിയിരുന്നത്. റോഡിലും പൊതുസ്ഥലങ്ങളിലുംനിന്ന് പൊങ്കാല മാറിയതോടെ ആഘോഷത്തിന്റെ പൊലിമ കുറയുമെങ്കിലും, പോയകാലത്തെ ഓർമപുതുക്കൽ പോലെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും ഭക്തസംഘടനകളും എല്ലായിടത്തും പൊങ്കാലയുടെ വിളംബരം ഒരുക്കിയിട്ടുണ്ട്.
നഗരാതിർത്തിയെ 25 ഓളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാലയിടുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. ഇവിടെ കോവിഡ് മാനദണ്ഡം പാലിച്ചുള്ള പൊങ്കാല അർപ്പണത്തിന് നിയന്ത്രണമുണ്ടാകും. 1200 ലേറെ പോലീസ് സേനയെ വിവിധ സ്ഥലങ്ങളിൽ സുരക്ഷാജോലികൾക്കും മറ്റ് നിയന്ത്രണത്തിനുമായി വിന്യസിക്കും. ക്ഷേത്രപരിസരത്ത് നഗരസഭ, വാട്ടർ അതോറിറ്റി, പോലീസ്, ആരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന തുടങ്ങി വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ പൊങ്കാലയ്ക്കും ഭക്തർക്ക് ദർശനത്തിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ട്.
ക്ഷേത്രപരിസരത്ത് പൊങ്കാല അനുവദിക്കില്ല
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ കൊല്ലം സർക്കാരിന്റെ നിർദേശം ഭക്തർ സ്വമേധയാ ഏറ്റെടുത്ത് വീടുകളിൽ മാത്രമാണ് പൊങ്കാല അർപ്പിച്ചത്. ഇക്കുറിയും പൊതുനിരത്തിലും ക്ഷേത്രപരിസരത്തും പൊങ്കാലയിടാൻ സാധിക്കില്ല.
1500 പേർക്ക് പൊങ്കാല അനുവദിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് അത് ഒഴിവാക്കുകയായിരുന്നു. കുത്തിയോട്ടവും ഒരുബാലൻ മാത്രമായി പണ്ടാര ഓട്ടവുമാണ് നടത്തുക. പുറത്ത് എഴുന്നള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.
താലപ്പൊലിയും വാദ്യമേളങ്ങളും എഴുന്നള്ളത്തിന് അകമ്പടി സേവിക്കുമെങ്കിലും ഹാരം, സാരി ചാർത്തൽ, പുഷ്പവൃഷ്ടി എന്നിവ അനുവദിക്കില്ലെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങൾ പാലിക്കണമെന്നും ട്രസ്റ്റ് പ്രസിഡന്റ് ബി.അനിൽകുമാർ, സെക്രട്ടറി കെ.ശിശുപാലൻ നായർ എന്നിവർ അറിയിച്ചു.