*വടക്കാഞ്ചേരിയില്‍ രണ്ടു യുവാക്കള്‍ മരിച്ച അപകടം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍*

തിരുവനന്തപുരം:വടക്കാഞ്ചേരിയിൽ രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎസ് ഔസേപ്പിനെയാണ് അന്വേഷണ വിധേയമായി കെഎസ്ആർടിസി സിഎംഡി സസ്പെൻഡ് ചെയ്തത്.

ഫെബ്രുവരി ഏഴിനായിരുന്നു പാലക്കാടുനിന്നും വടക്കാഞ്ചേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കൾ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽകൂടിയാണ് സസ്പെൻഷൻ നടപടി.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെ.എസ്.ആർ.ടി.സി. ബസും ലോറിയെ മറികടക്കാൻ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആർ.ടി.സി. ഡ്രൈവർ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയിൽ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞിരുന്നത്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദർശ് മോഹൻ, കാസർകോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തിൽ മരിച്ചത്.