വർക്കല: അമിതവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ വർക്കലയിലെ റോഡുകളെ ചോരക്കളമാക്കുന്നു. ഒരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന ഇരുചക്രവാഹനങ്ങളാണ് നിരത്തുകളിൽ ഭീതി വിതയ്ക്കുന്നത്. നിയമങ്ങളൊന്നും വകവെയ്ക്കാതെയാണ് അഭ്യാസ പ്രകടനങ്ങളുമായി യുവാക്കൾ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നത്. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം യുവാക്കളുണ്ടാക്കുന്ന അപകടങ്ങളിൽ മറ്റുവാഹനയാത്രക്കാരും ഇരയാകേണ്ടിവരുന്നു. വാഹനാപകടങ്ങൾ വർധിക്കുമ്പോഴും തടയാൻ യാതൊരു നടപടികളും പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ഭാഗത്തു നിന്നുണ്ടാകുന്നില്ല.
കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ മൂന്ന് അപകടങ്ങളിലായി നാലുപേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. വെള്ളിയാഴ്ച രാത്രി വർക്കല മംഗ്ലാവ് മുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ബൈക്ക് യാത്രക്കാരായ ഇടവ കാപ്പിൽ കണ്ണംമൂട് അമ്മുഭവനിൽ ബൈജു (52), ഇടവ വെൺകുളം കുരുവിള ഉഷസിൽ അനന്തപത്മനാഭൻ (20) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വിളബ്ഭാഗം ഷാപ്പുമുക്കിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിളബ്ഭാഗം സ്വദേശി നസീർ (60) മരണപ്പെട്ടിരുന്നു. രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച കയറ്റാഫീസ് ജങ്ഷനിൽ വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ട്രൈസ്‌കൂട്ടർ തെന്നിമറിഞ്ഞ് കല്ലുമലക്കുന്ന് കാട്ടിൽ വീട്ടിൽ നടരാജൻ (74) മരിച്ചു.
ആദ്യ രണ്ട് അപകടങ്ങൾക്കും കാരണമായത് അമിതവേഗമാണ്. കഴിഞ്ഞ ഒക്ടോബറിൽ തിരുവമ്പാടി ബീച്ച് റോഡിൽ കാർ മതിലിൽ ഇടിച്ചു മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചിരുന്നു. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. ഹെലിപ്പാഡിൽ അഭ്യാസപ്രകടനം നടത്തിയ ജീപ്പ് മറിഞ്ഞും അപകടമുണ്ടായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വർക്കല സ്റ്റേഷൻ പരിധിയിൽ 15-ഓളം പേരാണ് വാഹനാപകടങ്ങളിൽ മരിച്ചത്. ഇരട്ടിയിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്കേറിയ വർക്കല മൈതാനത്തെ റോഡുകളിൽ പോലും ബൈക്കുകൾ അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്.
മൂന്നുപേരെയും വഹിച്ച് മറ്റ് വാഹനങ്ങൾക്കിടയിലൂടെ തലങ്ങും വിലങ്ങും വിദ്യാർഥികളും യുവാക്കളും സഞ്ചരിക്കുന്നത് വർക്കലയിലെ സ്ഥിരം കാഴ്ചയാണ്. കണ്ണടച്ച് തുറക്കുന്നതിനിടെ ബൈക്കുകൾ ചീറിപ്പാഞ്ഞുവരുന്നതിനാൽ കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നു. ഭീതിയോടെയാണ് ഇവരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും റോഡിലിറങ്ങുന്നത്. വർക്കല ബീച്ച് റോഡ്, ജനാർദനപുരം- കുരയ്ക്കണ്ണി റോഡിലെ കൊട്ടാരം വളവ്, പുത്തൻചന്ത- പ്ലാവഴികം, വർക്കല- താഴേവെട്ടൂർ റോഡുകൾ, നരിക്കല്ലുമുക്ക് തടം ജങ്ഷൻ എന്നിവിടങ്ങളിലെല്ലാം ചെറുതും വലുതുമായി അപകടങ്ങൾ പതിവായി നടക്കുന്നു. മൈതാനത്ത് നിന്നും താഴെവെട്ടൂർ ഭാഗത്തേക്കുള്ള റോഡ് തുടങ്ങുന്നിടത്തും എപ്പോൾ വേണമെങ്കിലും അപകടങ്ങളുണ്ടാകാം. വെള്ളിയാഴ്ച രാത്രി വർക്കല മംഗ്ലാവ് മുക്കിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബൈക്കുകൾ