ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നു,വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി

കോട്ടയം:മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുന്നു. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. നില മെച്ചപ്പെടുന്നതോടെ അധികം താമസിയാതെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്.  ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്. വാവാ സുരേഷിന്റെ സഹോദരൻ സത്യദേവൻ, സഹോദരി ലാലി, സുഹൃത്തുക്കൾ എന്നിവരും ആശുപത്രിയിലുണ്ട്.

കോട്ടയം, കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്പ് കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച്‌ കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ശരീരത്തിലെ ഓക്സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെയും അസിസ്റ്റന്റ് സൂപ്രണ്ടിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്.