*തുടർച്ചയായി നാലാം തവണയും ചെമ്മരുതി ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി*

വർക്കല: മികച്ച ഗ്രാമപഞ്ചായത്തു കൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്വരാജ് ട്രോഫി തുടർച്ചയായി നാലാം തവണയും ചെമ്മരുതി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. സ്വരാജ് ട്രോഫിക്കു പുറമെ പത്തുലക്ഷം രൂപയും പ്രശസ്തിപത്രവും ചെമ്മരുതിക്ക് ലഭിക്കും. 2020-21 സാമ്പത്തിക വർഷത്തിലെ മികച്ച പ്രവർത്തനം വിലയിരുത്തിയാണ് ഈ ബഹുമതിക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2017-18, 2018-19, 2019-20 വർഷങ്ങളിലും ചെമ്മരുതി പഞ്ചായത്തിന് ഈ ബഹുമതി ലഭിച്ചിരുന്നു. 2016 മുതൽ 2021 വരെ എ.എച്ച്. സലിമിന്റെ നേതൃത്വത്തിലുളള ഭരണസമിതിയുടെ അഞ്ചുവർഷ കാലയളവിൽ തുടർച്ചയായി നാലുവർഷവും സ്വരാജ് ട്രോഫി നേടുകയുണ്ടായി. തുടർന്ന് ഭരണമേറ്റെടുത്ത പ്രസിഡന്റ് പ്രിയങ്ക ബിറിലിന്റെ നേതൃത്വത്തിലുളള ഭരണസമിതിയും മാതൃകാപരമായ വികസന പ്രവർത്തനങ്ങളാണ് തുടരുന്നത്. സമയബന്ധിതമായി ബഹുജനപങ്കാളിത്തത്തോടെ ഗ്രാമസഭകൾ വിളിച്ചുകൂട്ടൽ, ജനോപകാരപ്രദമായ പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കൽ എന്നിവയിൽ വിജയം കൈവരിക്കാൻ ചെമ്മരുതി ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ജാഗ്രതാ സമിതിയുടെ മികച്ച പ്രവർത്തനം, വയോജന പരിപാലനരംഗത്ത് പകൽവീട്, അജൈവമാലിന്യ ശേഖരണത്തിന് ഹരിതകർമ്മസേന, കിണർ റീചാർജ്ജിംഗ് സംവിധാനം ഏർപ്പെടുത്തൽ തുടങ്ങിയവ ചെമ്മരുതിയുടെ അഭിമാന പദ്ധതികളാണ്. ലൈഫ് പദ്ധതിയുടെ മികച്ച പ്രവർത്തനം,​ ആർദ്രം പദ്ധതി വഴി ആരോഗ്യ മേഖലയിൽ മികച്ച നേട്ടം, സ്കൂളുകളിൽ ശീതീകരിച്ച ഹൈടെക്ക് ക്ലാസ് മുറികൾ, ഭിന്നശേഷി കുട്ടികൾക്ക് ബഡ്സ് സ്കൂൾ, അടുക്കളത്തോട്ടം, ആടുവളർത്തൽ, സമഗ്ര നെൽക്കൃഷി വികസനം, സാന്ത്വന ചികിത്സ, ജീവിതശൈലീരോഗ നിയന്ത്റണ ക്ലിനിക്കുകൾ, കുടിവെള്ള വിതരണത്തിന് മാതൃകാ പദ്ധതികൾ, വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി നാലു ജനകീയ ഹോട്ടലുകൾ, തെരുവുവിളക്ക് പരിപാലനത്തിന് സ്ഥിരം സംവിധാനം, ജൈവവൈവിദ്ധ്യ പാർക്ക്, മികച്ച കുടുംബശ്രീ പ്രവർത്തനം, തൊഴിലുറപ്പ് പദ്ധതി വഴി മാതൃകാ പദ്ധതികൾ തുടങ്ങിയവ ഇതിനകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയിട്ടുണ്ട്. വരും വർഷങ്ങളിലും പൊതുജന പങ്കാളിത്തത്തോടെ ജനസേവന പദ്ധതികൾ നടപ്പാക്കി സംസ്ഥാനത്തിന് മാതൃകയാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ, സെക്രട്ടറി സി. അജിത്ത് കുമാർ എന്നിവർ അറിയിച്ചു. സ്വരാജ് ട്രോഫി നേടിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം അനുമോദിച്ചു.