ആനാട്: ചുള്ളിമാനൂരിൽ നിർമാണോപകരണങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന കട ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് തീപിടിച്ച് നശിച്ചു.
കൊച്ച് ആട്ടുക്കാലിൽ ജാസിം മൻസിലിൽ ഖാലിദിന്റെ ജാസിം ഏജൻസി എന്ന കടയിലാണ് തീപിടിച്ചത്. ആളപായമില്ല.
ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ കടയുടമ എത്തി മെയിൻസ്വിച്ച് ഓൺ ചെയ്തപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കടയുടമ ഉടനെ പുറത്തേക്കിറങ്ങിയോടി. തൊട്ടടുത്ത കടയിലും തീ പിടിച്ചെങ്കിലും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് അണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഖാലിദിന്റെ കട പൂർണമായും കത്തിപ്പോയി. സമീപത്തെ കടകൾക്കും നാശമുണ്ട്.
വിതുര, നെടുമങ്ങാട് അഗ്നിരക്ഷാസേന യൂണിറ്റുകളും വലിയമല, നെടുമങ്ങാട് പോലീസും എത്തി. കടയിൽ പെട്രോൾ അനധികൃതമായി സൂക്ഷിച്ചുവെന്ന ആരോപണത്തെത്തുടർന്ന് കടയുടമയുടെ പേരിൽ കേസെടുത്തു.