ആധുനികവത്കരണത്തിലേക്ക് കുതിക്കുന്ന സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ വേറിട്ടതാകാൻ ജനകീയ പങ്കാളിത്തം ഉറപ്പാക്കി ജനങ്ങൾ പൊതുവിദ്യാഭ്യാസ മേഖല ഏറ്റെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കഴക്കൂട്ടം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സായാഹ്ന ക്ലാസുകളുടെ പ്രവർത്തനം കാണാനെത്തിയതായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് റെഗുലർ ക്ലാസുകൾക്ക് പുറമേ സായാഹ്ന ക്ലാസുകൾ ആരംഭിച്ചത്.
പഠന മികവിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പി.ടി.എയും എസ്.എം.സിയും അദ്ധ്യാപകരും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. അധിക ശ്രദ്ധ വേണ്ട കുട്ടികൾക്ക് ഭക്ഷണം ഉൾപ്പെടെ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോൾ സ്കൂളിൽ അനുഭവപ്പെടുന്ന സ്ഥലപരിമിതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രിക്കൊപ്പം എത്തിയ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. കൗൺസിലർ കവിത, സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു ഇന്ദിരഭായി, എച്ച്.എം എൽ.ആർ. ഷാജി, പി.ടി.എ പ്രസിഡന്റ് സഹീദ്, എസ്.എം.സി ചെയർമാൻ കെ.ശ്രീകുമാർ, എൽ.സി സെക്രട്ടറി ആർ.ശ്രീകുമാർ,ഏരിയ കമ്മിറ്റിയംഗം പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.