*സ്കൂളൊരുങ്ങി, സ്വപ്നതുല്യം*പൂവച്ചൽ ഗവ. വിഎച്ച്എസ്എസിന്റെ ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു*

 മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, എംഎൽഎമാരായ ജി സ്റ്റീഫൻ, ഐ ബി സതീഷ് തുടങ്ങിയവർ സമീപം
 തിരുവനന്തപുരം: നാടിന്റെ മനംകുളിർപ്പിക്കുന്ന വികസന കാഴ്‌ചയൊരുക്കി ജില്ലയിലെ ഒമ്പത്‌ സ്‌കൂളിലെ 10 കെട്ടിടത്തിന്റെ ഉദ്‌ഘാടനം കോവിഡ്‌ നിയന്ത്രണങ്ങൾക്കിടയിലും നാടിന്റെ ഉത്സവമായി. ഇന്ന്‌ പഠിക്കുന്നവർക്കും നാളെ പഠിക്കാനുള്ളവർക്കുമാണ്‌ ഹൈടെക്‌ സൗകര്യങ്ങളെന്ന്‌ പ്രഖ്യാപിച്ച്‌ പൂവച്ചൽ ഗവ. വിഎച്ച്എസ്എസിൽ സംസ്ഥാന ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമ്പോൾ നാടാകെ ദൃശ്യ, നവമാധ്യമങ്ങളിലൂടെ ചരിത്ര മുഹൂർത്തത്തിന്‌ സാക്ഷ്യം വഹിച്ചു. 
പൂവച്ചലിൽ ഇത്തരമൊരു സ്കൂൾ കെട്ടിടം കുറച്ചു വർഷങ്ങൾക്കു മുമ്പ്‌ ആർക്കും സ്വപ്നം കാണാൻ കഴിയുന്ന ഒന്നല്ല. ഏതൊരു പൂവച്ചൽ നിവാസിയുടെയും മനം കുളിർക്കുന്ന കാഴ്ചയാണ് ഈ കെട്ടിടങ്ങൾ. അതിൽ എൽഡിഎഫ് സർക്കാരിനെ അനുകൂലിക്കുന്നവർ ഉണ്ടാകും അല്ലാത്തവർ ഉണ്ടാകും അതൊന്നും ഇതിനൊരു പ്രശ്നമല്ല. നാടിന്റെ വികസനം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന കടമ. അത് ഏതെങ്കിലും ഒരു വിഭാഗത്തിന് ആസ്വദിക്കാൻ ഉള്ളതല്ല, നാടിനാകെ ആസ്വദിക്കാൻ ഉള്ളതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞപ്പോൾ കരഘോഷമുയർന്നു.
കിഫ്ബി ഫണ്ട്, പ്ലാൻ ഫണ്ട്, നബാഡ് ഫണ്ട് മറ്റു ഫണ്ടുകൾ എന്നിവയെല്ലാമായി 5,000 കോടി രൂപയ്ക്കടുത്ത് വരുന്ന നിർമാണ പ്രവർത്തനങ്ങളാണ്  നടപ്പാക്കിവരുന്നത്. 120 നിയോജകമണ്ഡലത്തിൽ അഞ്ച്‌ കോടി കിഫ്ബി സഹായത്തോടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം നടന്നു. 
ഇപ്പോൾ അഞ്ച്‌ കോടി കിഫ്ബി സഹായത്തോടെയുള്ള നാല്‌ സ്കൂൾ കെട്ടിടത്തിന്റെയും, മൂന്ന്‌കോടി കിഫ്ബി സഹായത്തോടെയുള്ള 10 സ്കൂൾ കെട്ടിടത്തിന്റെയും, ഒരുകോടി കിഫ്ബി സഹായത്തോടെയുള്ള രണ്ട്‌ സ്കൂൾ കെട്ടിടത്തിന്റെയും മറ്റ് ഫണ്ടുകൾ  ഉപയോഗിച്ച് നിർമിച്ച 37 സ്കൂൾ കെട്ടിടത്തിന്റെയും ഉദ്‌ഘാടനമാണ്‌ മുഖ്യമന്ത്രി നിർവഹിച്ചത്‌. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി.