ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. കുട്ടിയുടെ ശരീരത്തിലെ പരുക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പൊലീസിന് അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.
കുട്ടിയെ മര്‍ദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധുകൂടിയായ ആളാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
കാക്കനാടിന് സമീപം തെങ്ങോടാണ് കുടുംബം താമസിക്കുന്നത്. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.