*പൂവാറിലും വർക്കലയിലും തിരയിൽപ്പെട്ടവർക്ക് രക്ഷകരായി ലൈഫ് ഗാർഡുകൾ*

പൊഴിക്കരയിലെ കടലിൽനിന്നു രക്ഷിച്ച വിർജിനും ജോർജിനുമൊപ്പം തമിഴ്‌നാട് സ്വദേശികളായ ധനവും ജയലക്ഷ്മിയും
   
പൂവാർ: പൂവാർ പൊഴിക്കരയിൽ തിരയിൽപ്പെട്ട രണ്ട് സ്ത്രീകളെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു. ശനിയാഴ്ച രാവിലെ 11.30-നാണ് ചെന്നൈ ആദം കിണ്ടിയിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ സംഘത്തിലെ ധനം(39), ജയലക്ഷ്മി (20) എന്നിവർ പൊഴിക്കരയിൽ വച്ച് തിരയിൽപ്പെട്ടത്. കടൽക്കരയിൽ നിൽക്കുമ്പോഴാണ് ധനവും ജയലക്ഷ്മിയും ശക്തമായ തിരയിൽപ്പെട്ടത്. ലൈഫ് ഗാർഡുമാരായ വിർജിനും ജോർജും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കടലിലേക്ക് എടുത്തുചാടി രണ്ടുപേരെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു.

വർക്കല: പാപനാശത്ത് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട തമിഴ്‌നാട് സ്വദേശിയെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. മധുര ശ്രീരാമവിലാസം കോളനിയിൽ യോഗേഷ് വിയാറനെ(23)യാണ് രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെയായിരുന്നു അപകടം. പാപനാശം ഓവിന്റെ ഭാഗത്ത് കടലിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ കുളിക്കാനിറങ്ങിയത്. അടിയൊഴുക്കിൽപ്പെട്ട് മൂവരും മുങ്ങിത്താണു.
ഇതുകണ്ട് ലൈഫ് ഗാർഡുകൾ ഉടനെയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയശേഷം യോഗേഷിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ലൈഫ് ഗാർഡുകളായ സക്കീർ, നാദിർഷാ, അബീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.