ഞെക്കാട് സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശില്പശാല

ഞെക്കാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  വ്യക്തിത്വവികസന കരിയർ ഗൈഡൻസ് ശില്പശാല ആരംഭിച്ചു. "പാസ്‌വേഡ് " എന്ന പേര് നൽകിയിരിക്കുന്ന ദ്വിദിന ശില്പശാല വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ സ്കൂൾ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്തു. 

കേരളത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി തലങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ  വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷക്ഷേമ വകുപ്പ്  സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പാസ്സ്‌വേർഡ്- വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശില്പശാല. വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകളെ കണ്ടെത്തി ഉപരിപഠന മേഖലകളിലെ സാധ്യതകൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചിട്ടപ്പെടുത്തി പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പിടിഎ പ്രസിഡണ്ട് കെ ഷാജികുമാർ അധ്യക്ഷതവഹിച്ച ഉദ്ഘാടനസമ്മേളനത്തിൽ ഒറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി ബീന മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ്  എൻ ജയപ്രകാശ്, സ്കൂൾ പ്രിൻസിപ്പൽ കെ കെ സജീവ്, വാർഡ് മെമ്പർ എസ് ഷിനി, വിഎച്ച്എസ്എസ് പ്രിൻസിപ്പൽ എം ആർ മധു, ഹെഡ്മാസ്റ്റർ എൻ സന്തോഷ്, ഡെപ്യൂട്ടി എച്ച് എം  സുമ എസ്, സ്റ്റാഫ് സെക്രട്ടറി ജി വി ജോസ്, ക്യാമ്പ് കോഡിനേറ്റർ എസ് സൈജു തുടങ്ങിയവർ  സംസാരിച്ചു. 
മോട്ടിവേഷൻ ആൻഡ് ഗോൾ സെറ്റിങ്, വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ്, കൗൺസിലിംഗ്, ലീഡർഷിപ്പ് ആൻഡ് ടൈം മാനേജ്മെൻറ് തുടങ്ങിയ  വിവിധവിഷയങ്ങളിൽ വിദഗ്ധരുടെ സെഷനുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത് എന്ന് പ്രിൻസിപ്പൽ കെ കെ സജീവ് അറിയിച്ചു. നൂറു കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.