വർക്കല: വർക്കല തീരമേഖലയിൽ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ ടൂറിസത്തിന്റെ മറവിൽ അനധികൃതമായി സർഫിംഗ് പരിശീലനം നടത്തുന്നത് അപകടസാദ്ധ്യതയ്ക്ക് ആക്കം കൂട്ടുന്നു. വർക്കല പാപനാശം, ചിലക്കൂർ, വള്ളക്കടവ്, തിരുവമ്പാടി, ഇടവ, ഓടയം,വെറ്റകട, കാപ്പിൽ എന്നീ തീരങ്ങൾ കേന്ദ്രീകരിച്ചാണ് അനധികൃത സർഫിംഗ് പരിശീലനം തകൃതിയിൽ നടന്നുവരുന്നത്.
കടലിന്റെ ഓളത്തിലും തിരമാലകളിൽ സർഫിംഗ് ബോർഡുകളിൽ തെന്നിയും തെറിച്ചും നീങ്ങുന്ന സാഹസികത അഭ്യസിക്കുവാൻ ടൂറിസം മേഖലയായ വർക്കല പാപനാശം ഉൾപ്പാടെയുള്ള തീരമേഖലയിലെ വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്നുണ്ട്.
ഇവരിൽ പലരും തീരത്തുള്ള അനധികൃത സർഫിംഗ് പരിശീലനം നടത്തുന്നവരുടെ ഇരകളായി അകപ്പെടുന്നത് മൂലം പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി പേരാണ് അപകടത്തിൽപെട്ട് പരിക്കേറ്റത്. ഇവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.പരിശീലനത്തിന് കൂലിയും ഏറെഅംഗീകാരമുള്ള സർഫിംഗ് പരിശീലന കേന്ദ്രങ്ങൾ വർക്കല തീരമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരാകട്ടെ ഒന്നര മണിക്കൂർ പരിശീലനത്തിന് 1200 മുതൽ 1500 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ അനധികൃത പരിശീലനകേന്ദ്രങ്ങൾ 2000 മുതൽ 3000 രൂപ വരെ ഇത്തരത്തിൽ ഈടാക്കുന്നതായും പരാതിയുണ്ട്. കേരള ടൂറിസം വകുപ്പിന്റെ അഡ്വഞ്ചർ ടൂറിസത്തിന്റെ അംഗീകാരവും സർഫിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരവും മതിയായ ഇൻഷ്വറൻസും ഉൾപ്പെടെയുള്ളവ ഇല്ലാതെ സർഫിംഗ് പരിശീലനം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ ബന്ധപ്പെട്ട ടൂറിസം വകുപ്പിനും കഴിയാതെ പോകുന്നതായി ആരോപണമുണ്ട്.വിനോദസഞ്ചാര കേന്ദ്രങ്ങളായ തിരുവനന്തപുരം കോവളത്തും വർക്കലയിലുമാണ് കേരളത്തിൽ സർഫിംഗ് പരിശീലന കേന്ദ്രങ്ങൾ ഉള്ളത്. എന്നാൽ വർക്കലയിൽ വ്യാജ സർഫിംഗ് പരിശീലനങ്ങൾ വർദ്ധിച്ചുവരുന്നതായി വർക്കലയിലെ അംഗീകൃത സർഫിംഗ് പരിശീലന കേന്ദ്രത്തിലെ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും സർഫിംഗ് ഫെഡറേഷൻ ഇന്ത്യയുടെ പരിശീലന ലൈസൻസ് ലഭിക്കാത്തവരുമാണ് കടലിൽ പരിശീലനം നടത്തുന്നത് എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ നടപടികൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.സുരക്ഷ വേണംവർക്കല- കാപ്പിൽ തീരദേശത്ത് ആണ് സർഫിംഗ് കൂടുതൽ നടക്കാറുള്ളത്. പുലർച്ചെ 7 മുതൽ ആണ് പരിശീലനം നടത്തുന്നത്. ഈ പരിശീലനം നടക്കുന്ന വർക്കല- കാപ്പിൽ തീരമേഖലയിൽ ഒട്ടനവധി വിദ്യാർത്ഥികളാണ് കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് ശക്തമായ തിരയിൽപ്പെട്ട് മരണമടഞ്ഞത്. തീരത്ത് മതിയായ ലൈഫ് ഗാർഡുകളോ മറ്റ് സുരക്ഷാ മാർഗ്ഗങ്ങളും ഇല്ലാതെയാണ് പലരും സർഫിംഗ് പരിശീലനം നടത്തിവരുന്നത്. അപകടങ്ങളും മറ്റ് അത്യാഹിതങ്ങളും ഉണ്ടാകാനിടയുള്ള സാഹസികത പരിശീലനമായ സർഫിംഗ് നടത്തുന്നവർ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അപകടങ്ങളും അപകട മരണങ്ങളുടെയും ഗ്രാഫ് ഉയരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് വിലയിരുത്തൽ