*അമ്മാവൻപാറ വിളിക്കുന്നു, ചരിത്രസൗന്ദര്യത്തിലേക്ക്*

നെടുമങ്ങാട്: പ്രകൃതിസൗന്ദര്യവും കാവ്യസൗന്ദര്യവും ഒരുമിക്കുന്ന നൂറ്റാണ്ടു പഴക്കമുള്ള അമ്മാവൻപാറ സഞ്ചാരികളെ ആകർഷിക്കുന്നു. തിരുവിതാംകൂറിന്റെ ചരിത്രമുള്ള നെടുമങ്ങാടിന്റെ ടൂറിസം രംഗത്ത് വേങ്കോട് പത്തരയേക്കറിൽ വ്യാപിച്ചു കിടക്കുന്ന അമ്മാവൻപാറ പുതിയ പ്രതീക്ഷകൾ നൽകുന്നു.

പാറപ്പരപ്പിനു മുകളിൽ നിന്നാൽ സായാഹ്നങ്ങൾ മനോഹരമാണ്. അസ്തമയസൂര്യന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ ഇവിടത്തെ കാഴ്ചകൾക്കു സാധിക്കും. നൂറ്റാണ്ടുകൾക്ക്‌ മുൻപ് മലയാളകവിതയുടെ കുലപതി കുമാരനാശാന്റെ കാവ്യജീവിതത്തിന്റെ തട്ടകമായിരുന്നു വേങ്കോട്ടെ അമ്മാവൻപാറയും പരിസരവും. പാറക്കൂട്ടം സ്ഥിതിചെയ്യുന്ന പത്തേക്കർ സ്ഥലം കവിയുടെ പേരിലായിരുന്നുവെന്ന് രേഖകൾ തെളിയിക്കുന്നു. ആശാൻ കവിതകളിലെ വർണനാപാടവങ്ങൾക്ക് നിറംചാർത്തിയിരുന്നതിൽ അമ്മാവൻപാറയും പ്രധാനപങ്ക് വഹിച്ചിരുന്നു. കവിയുടെ പിൻമുറക്കാർ ഏറെക്കാലം ഇവിടെ താമസവുമുണ്ടായിരുന്നു.
നെടുമങ്ങാട് നഗരസഭയിലെ ചിറക്കാണി വാർഡിലാണ് അമ്മാവൻപാറ സ്ഥിതിചെയ്യുന്നത്. താലൂക്കിലെ ടൂറിസം സാധ്യതാപട്ടികയിൽ ഒന്നാമതാണ് അമ്മാവൻപാറയുടെ സ്ഥാനം. പാറയും പരിസരപ്രദേശങ്ങളും ഉൾപ്പെടുത്തി പുതിയ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് ഒരു പതിറ്റാണ്ടായി നഗരസഭ ശ്രമിക്കുന്നുണ്ട്. ഇതിനായി ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ പ്രോജക്ട് ഇപ്പോഴും സർക്കാരിന്റെ പരിഗണനയിലാണ്.

നെടുമങ്ങാട്ടുനിന്ന്‌ എട്ടുകിലോമീറ്റർ സഞ്ചരിച്ചാൽ വേങ്കോടുനിന്നും അമ്മാവൻപാറയിലെത്താം. 200 അടിയിലധികം പൊക്കമുള്ള പാറക്കൂട്ടത്തിന്റെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്. സുരക്ഷിതമായ കഫ്റ്റീരിയകൾ, പാറയുടേയും പരിസരത്തിന്റേയും ചരിത്രവും സാഹിത്യപരവുമായ പ്രത്യേകതകൾ എന്നിവ സാധ്യമാക്കുകയാണെങ്കിൽ താലൂക്കിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ പിക്‌നിക് പോയിന്റുകളിലൊന്നായി അമ്മാവൻപാറയെ മാറ്റിയെടുക്കാം.