*മാതൃഭാഷാ ദിനാചരണം അന്താരാഷ്ട്രസംഘം ശിവഗിരിയിൽ*

ശിവഗിരി : മലയാളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘം ശിവഗിരിമഠം സന്ദർശിച്ചു.
സംഘാംഗങ്ങളുടെ സമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ആമുഖ പ്രഭാഷണം നടത്തി. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ട കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത് ശ്രീനാരായണ ഗുരുദേവന്റെ ഇടപെടലുകളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.കേരളം കണ്ട ഭാഷാപണ്ഡിതന്മാരുടെയൊക്കെ മുൻനിരയിലാണ് ശ്രീനാരായണ ഗുരുദേവന്റെ സ്ഥാനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗുരു രചിച്ച കൃതികളൊക്കെ മനുഷ്യനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയർത്തുന്നതിനുള്ള പ്രേരണ നൽകുന്നവയാണെന്നും സ്വാമി പറഞ്ഞു.
ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ഗുരുധർമപ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ശിവഗിരി മഠം പി.ആർ.ഒ. ഇ.എം.സോമനാഥൻ എന്നിവർ പ്രസംഗിച്ചു. ശിവഗിരിയിലെത്തിയ നൂറോളം വരുന്ന സംഘം ശാരദാമഠവും വൈദികമഠവും മഹാസമാധിയും സന്ദർശിച്ചു.