വർക്കല: വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ സജ്ജീകരിച്ച ക്ലോക്ക് റൂമിന്റെയും ഡോർമിറ്ററി ഉൾപ്പെടെയുള്ള ലോഡ്ജിംഗ് സംവിധാനത്തിന്റെയും പ്രവർത്തനം ആരംഭിക്കുന്നതിന് റെയിൽവേ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ആക്ഷേപം. വിനോദസഞ്ചാരികളും തീർത്ഥാടകരുമുൾപ്പെടെ വർക്കലയിലെത്തുന്ന യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇനിയും യാഥാർത്ഥ്യമാകാത്തത്. 2018 മാർച്ചിൽ സതേൺ റെയിൽവേ മാനേജർ വർക്കല റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചിരുന്നു. ഇതോടനുബന്ധിച്ച് സ്റ്റേഷനിൽ നടന്ന നവീകരണപദ്ധതികളുടെ ഭാഗമായാണ് ക്ലോക്ക് റൂമും ലോഡ്ജ് സൗകര്യത്തിനായി മുറികളും തയാറാക്കിയത്. കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊക്കെ
സജ്ജമാക്കി 4 വർഷം പിന്നിട്ടിട്ടും ഡോർമിറ്ററിയും ക്ലോക്ക് റൂമും യാത്രക്കാർക്കായി തുറന്ന് നൽകുന്നതിന് റെയിൽവേ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ലോഡ്ജിംഗിനായി 8 മുറികൾ തയാറാക്കിയിട്ടുള്ളത്. ടൈൽ പാകി പെയിന്റിംഗ് പൂർത്തിയാക്കിയ കെട്ടിടം കാഴ്ചവസ്തുവായി മാറിയിട്ടുണ്ട്. ഓരോ വർഷവും സ്റ്റേഷൻ പരിശോധനയ്ക്ക് എത്തുന്ന ഉന്നത ഉദ്യോഗസ്ഥരോട് യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും ഇതുസംബന്ധിച്ച് പരാതികൾ നൽകാറുണ്ടെങ്കിലും തുടർ നടപടികളൊന്നും ഉണ്ടാകുന്നില്ല. ക്ലോക്ക് റൂമും ഡോർമിറ്ററിയും എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ റെയിൽവേ സ്വീകരിക്കകണമെന്നാണ് യാത്രക്കാരും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും ആവശ്യപ്പെടുന്നത്.
*ബുദ്ധിമുട്ടിൽസ്ത്രീകൾ*
സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സ്ഥിരം ആവശ്യങ്ങളിലൊന്നാണ് ഡോർമിറ്ററിയും മുറികളും. ഇപ്പോൾ രാത്രിയിൽ സ്റ്റേഷനിലെത്തുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ പുറത്ത് ലോഡ്ജുകൾ തേടി അലയേണ്ടിവരുന്ന ഗതികേടിലാണ്.വർക്കലയ്ക്ക് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ പരീക്ഷകളുടെ കേന്ദ്രമാകാറുണ്ട്. ദൂരസ്ഥലങ്ങളിൽനിന്നും ട്രെയിനിൽ എത്തുന്നവർ അടുത്ത സ്റ്റേഷനെന്ന നിലയിൽ വർക്കലയിലാണ് ഇറങ്ങുന്നത്. രാത്രി തങ്ങുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്നില്ല.
*ക്ലോക്ക് റൂം വേണം*
സ്റ്റേഷൻ പ്രവേശനകവാടത്തിലാണ് ക്ലോക്ക് റൂം തയാറാക്കിയിട്ടുള്ളത്. ക്ലോക്ക് റൂം പ്രവർത്തിപ്പിച്ചാൽ വർക്കലയിലെത്തുന്ന സഞ്ചാരികൾക്ക് സാധനങ്ങൾ അവിടെ സൂക്ഷിക്കാനാകും. ഒരു ദിവസത്തെ സന്ദർശനത്തിനായി വിവിധ സ്ഥലങ്ങളിൽനിന്നും നിരവധിപ്പേർ വർക്കലയിലെത്താറുണ്ട്.വർക്കല ക്ഷേത്രം, പാപനാശം ബീച്ച്, കാപ്പിൽ ബീച്ച്, ശിവഗിരി മഠം എന്നിവിടങ്ങളിൽ പോകാനെത്തുന്നവർക്ക് ക്ലോക്ക് റൂം ഏറെ ഉപയോഗപ്രദമാണ്. ഇങ്ങനെയെത്തുന്നവർ ഇപ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻവേണ്ടി മാത്രം പുറത്ത് മുറിയെടുക്കേണ്ടിവരുന്നു