തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മൃഗസംരക്ഷണ വകുപ്പ് മേഖലാ യൂണിയനുകളുമായി ചേർന്ന് മൃഗചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ആരംഭിച്ച അടിയന്തര മൃഗചികിത്സാ യൂണിറ്റുകളുടെ ഉദ്ഘാടനം ആറ്റിങ്ങൽ കടുവായിൽ തോട്ടേക്കാട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മിൽമയുടെ മേഖലാ യൂണിയനുകൾ മൃഗചികിത്സാ സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാൽ സംഭരണം കുറഞ്ഞ ക്ഷീരസംഘങ്ങൾക്കുള്ള 'ഉണർവ് " പുനരുദ്ധാരണ പദ്ധതിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ ഗുണഭോക്തൃ സംഘങ്ങൾക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, കമ്മിറ്റി അംഗങ്ങളായ വി.എസ്. പദ്മകുമാർ, കെ.ആർ. മോഹനൻപിള്ള, മാനേജിംഗ് ഡയറക്ടർ ഡി.എസ്. കോണ്ട തുടങ്ങിയവർ പങ്കെടുത്തു.