കൊല്ലം :മുപ്പത്തഞ്ച് വർഷംമുമ്പ് ഗൾഫിൽ ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടുമ്പോൾ പിതാവിനുകിട്ടിയ സഹായത്തിന്റെ കടംവീട്ടാൻ പത്രപ്പരസ്യം നൽകി മക്കൾ. പരസ്യം നവമാധ്യമങ്ങൾ വഴി വൈറലാവുകയാണിപ്പോൾ. “എന്റെ പിതാവ് അബ്ദുള്ള ഗൾഫിൽവെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയിൽനിന്നു കടമായി വാങ്ങിയ തുക തിരികെ നൽകാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജൻ ബേബിയോ ഈ പരസ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടുക-നാസർ” എന്നാണ് പരസ്യം.
‘‘1982-ൽ ഗൾഫിൽ പോയതാണ് പിതാവ്. ഓയിൽ കമ്പനിയിലും പിന്നെ ക്വാറിയിലുമായിരുന്നു ജോലി. ഇടയ്ക്ക് ജോലിനഷ്ടപ്പെട്ട കാലത്താണ് മുറിയിൽ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നൽകി സഹായിച്ചത്. 87-ൽ ഗൾഫ് വിട്ട് നാട്ടിൽ ചെറിയ ജോലികളുമായി കൂടി. മരിക്കുന്നതിനുമുമ്പ് ഈ കടം വീട്ടണമെന്ന് പിതാവ് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുവർഷംമുമ്പ് നവമാധ്യമങ്ങൾ വഴി ഇതുപോലൊരു അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആളെ കണ്ടെത്താനായില്ല. കഴിഞ്ഞ 23-ന് 83-ാം വയസ്സിൽ പിതാവ് മരിച്ചു. ഈ ആഗ്രഹം ബാക്കിയായി. അങ്ങനെയാണ് പത്രത്തിൽ പരസ്യം കൊടുത്തത്’’-നാസർ പറഞ്ഞു.
പരസ്യംകണ്ട് ഒരു വിളിവന്നു. ആളെ അറിയാം, പക്ഷേ, ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നാണ് പറഞ്ഞത്. പിന്നെ ഇതു ശരിയാണോ എന്നറിയാനുള്ളമട്ടിൽ ഒരുപാട് കോളുകൾ വരുന്നുണ്ട്. നവമാധ്യമങ്ങൾ വഴി വൈറലായതുകൊണ്ട് ആളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഹബീബുള്ള എന്ന അബ്ദുള്ളയുടെ ഏഴുമക്കളും. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള.