*യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഡല്‍ഹിയിലെത്തി*

ഓപ്പറേഷൻ ഗംഗ രക്ഷാ ദൗത്യത്തിലൂടെ യുക്രൈനിൽ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ വിദ്യാർഥികൾ 
ന്യൂഡല്‍ഹി: യുക്രൈന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഞായറാഴ്ച പുലര്‍ച്ചെ 2.45 ഓടെ ഡല്‍ഹിയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽനിന്നാണ് 250 യാത്രികരുമായി വിമാനം എത്തിയത്. ഇതില്‍ 29 മലയാളികളുണ്ട്.
യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തിയിരുന്നു. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പടെ 219 പേരാണ് ഉണ്ടായിരുന്നത്. യുക്രൈന്‍ രക്ഷാ ദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പേരിട്ടിരിക്കുന്നത്.
കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചേര്‍ന്നാണ് രണ്ടാം വിമാനത്തില്‍ എത്തിയവരെ സ്വീകരിച്ചത്.

തിരിച്ചെത്തുന്ന മലയാളികള്‍ക്ക്‌ ഡല്‍ഹിയിലും മുംബൈയിലും നോര്‍ക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവരെ സൗജന്യമായി കേരളത്തിലെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.
രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള എയര്‍ഇന്ത്യയുടെ മൂന്നാം വിമാനം ഇന്ന് തന്നെ ഡല്‍ഹിയിലെത്തും. ഹംഗേറിയന്‍ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം എത്തുക.
യുദ്ധത്തെ തുടര്‍ന്ന് യുക്രൈന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ അയല്‍ രാജ്യങ്ങളായ റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നിന്നും ഹംഗേറിയിലെ ബുദാപെസ്റ്റില്‍ നിന്നുമാണ് ഇന്ത്യക്കാരെ കൊണ്ടുവരുന്നത്