*ഓക്‌സിജൻ യന്ത്രം കേടാക്കി മകൻ വധിക്കാൻ ശ്രമിച്ചതായി വയോധികയുടെ പരാതി*

പാറശ്ശാല : ഓക്‌സിജൻ കോൺസെൻട്രേറ്റർ പ്രവർത്തനരഹിതമാക്കി മകൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന വയോധികയുടെ പരാതിയിൽ പൊഴിയൂർ പോലീസ് അന്വേഷണം തുടങ്ങി. ഉച്ചക്കട നെല്ലിവിള വീട്ടിൽ കമലമ്മ(88)യെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുന്ന കമലമ്മ ഓക്‌സിജൻ സിലിൻഡറിന്റെയും കോൺസെൻട്രേറ്ററിന്റെയും സഹായത്താലാണ് ജീവൻ നിലനിർത്തിപ്പോരുന്നത്.
എട്ട് മക്കളുള്ള കമലമ്മ മൂന്ന് പെൺമക്കളുടെ സംരക്ഷണയിലാണ് കഴിഞ്ഞുവരുന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ മകൾ സമീപത്തെ വീട്ടിൽ ചൂടുവെള്ളം എടുക്കുന്നതിനായി പോയ സമയത്ത് സമീപത്തു താമസിക്കുന്ന മകൻ എത്തി ഓക്‌സിജൻ കോൺസെൻട്രേറ്റർ സ്ഥാപിച്ചിട്ടുള്ള സ്വിച്ച് ബോർഡ് നശിപ്പിച്ച് വധിക്കാൻ ശ്രമിച്ചതായി കമലമ്മ പൊഴിയൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ചൂടുവെള്ളവുമായി മകൾ മടങ്ങിയെത്തുമ്പോൾ ഇയാൾ സ്വിച്ച് ബോർഡ് തകർത്ത ശേഷം വീട്ടിൽനിന്നു പുറത്തിറങ്ങുന്നതു കണ്ടതായാണ് കമലമ്മ പൊഴിയൂർ പോലീസിനു മൊഴിനൽകിയിട്ടുള്ളത്.
പൊഴിയൂർ പോലീസ് വീട്ടിലെത്തി കമലമ്മയുടെ മൊഴിയെടുത്തു.
തന്നെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് മകനെതിരേ നിരവധി പരാതികൾ ഇവർ നൽകിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തു