നാപ്ടോൾ ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തങ്ങളുടെ പതിമൂന്നാം പിറന്നാളിനോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട ചിലരെ സ്ക്രാച്ച് കാർഡ് ലക്കി ഡ്രോയിലേക്ക് തെരഞ്ഞെടുത്തു എന്ന് അറിയിച്ചാണ് സ്ക്രാച്ച് കാർഡ് ഉൾപ്പെടെയുള്ള കത്തു വരുന്നത്. ഈ സ്ക്രാച്ച് കാർഡ് ചുരണ്ടി നോക്കിയവർക്ക് എല്ലാം തന്നെ കാറുകൾ ഉൾപ്പെടെയുള്ള വലിയ സമ്മാനങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഈ സമ്മാനങ്ങളുടെ തുകയാണ് കമ്പനി നൽകുന്നത്.ഇത് ലഭ്യമാകണമെങ്കിൽ മുൻകൂറായി കേന്ദ്ര-സംസ്ഥാന നികുതികളും പ്രോസസിംഗ് ചാർജും അടക്കണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുന്നുമുണ്ട്.
സമ്മാനം അടിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ബന്ധപ്പെടാൻ ആയി മൊബൈൽ നമ്പറും വാട്സ്ആപ്പ് നമ്പറും ഉൾപ്പെടെ നൽകിയിട്ടുണ്ട്. ഇതിൽ ബന്ധപ്പെട്ട തിരുവനന്തപുരം സ്വദേശിക്ക് മലയാളത്തിൽ തന്നെ മറുപടിയും ലഭിച്ചു. പക്ഷേ അക്കൗണ്ട് നമ്പറും പൈസയും അടക്കാത്തതിനാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഓൺലൈൻ വഴി വരുന്ന ഇത്തരം സ്ക്രാച്ച് കാർഡുകൾക്കും അറിയിപ്പുകൾക്കും സൂക്ഷിച്ച് മറുപടി നൽകിയില്ലെങ്കിൽ പണം പോയതുതന്നെ. ഇത്തരത്തിൽ സ്ക്രാച്ച് കാർഡ് കിട്ടിയ ചിലർ യഥാർത്ഥ നാപ്ടോൾ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ ഇങ്ങനെയൊരു പിറന്നാൾ സമ്മാന ഓഫർ നൽകുന്നില്ലെന്ന് അവർ അറിയിച്ചത്കൊണ്ട് തട്ടിപ്പിൽ രക്ഷപ്പെടുകയായിരുന്നു.