ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി

പാലക്കാട്:മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കരസേന അംഗങ്ങള്‍ക്ക് യുവാവുമായി സംസാരിക്കാന്‍ സാധിച്ചെന്നും ഇന്ന് പകലോടെ രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും എന്നാണ് കരസേന ടീം നല്‍കിയിരിക്കുന്ന വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളില്‍ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങള്‍ക്ക് യുവാവുമായി സംസാരിക്കാന്‍ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും എന്നാണ് കരസേന ടീം നല്‍കിയിരിക്കുന്ന വിവരം. എയര്‍ഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവില്‍ തയ്യാറായിട്ടുണ്ട്, മുഖ്യമന്ത്രി അറിയിച്ചു.

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു  മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച്‌ വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്.

താന്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞു. ‌ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ താഴെയിറക്കാന്‍ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷര്‍ട്ടുയര്‍ത്തി അഭ്യര്‍ഥിച്ചു. പകലിന്റെ ചൂ‌ടും രാത്രിയിലെ തണുപ്പും കാരണം ക്ഷീണിതനാണെങ്കിലും ബാബു സുരക്ഷിതനാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവര്‍ത്തകര്‍ യുവാവുമായി സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്.