ആറ്റിങ്ങൽ: ചിറ്റാറ്റിൻകരയിൽ ഇടച്ചങ്ങല അഴിഞ്ഞ് ആന വിരണ്ടത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഉള്ളൂർ സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള ശിവപാർവതി എന്ന പിടിയാനയാണ് ഇന്നലെ വൈകിട്ട് നാലോടെ ഇടഞ്ഞത്. രണ്ടരമണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്.
പാപ്പാനായ കുട്ടപ്പന്റെ വീടിന് സമീപമാണ് രണ്ട് മാസമായി ആനയെ തളച്ചിരുന്നത്. ഇന്നലെ ആനയെ തെങ്ങിൽ തളച്ചിരുന്നെങ്കിലും ഇടച്ചങ്ങലയുണ്ടായിരുന്നില്ല. പാപ്പാൻ അടുത്തില്ലാതിരുന്ന സമയത്ത് ആന ബഹളംവയ്‌ക്കുകയും ചങ്ങല അഴിയുകയും ചെയ്‌തു. പിന്നാലെ ആന റോഡിലേക്ക് കയറിയെങ്കിലും പാപ്പാനും സഹായിയും അവിടെയെത്തി. ഇരുവരും ആനയുടെ അടുത്തേക്ക് ചെന്നെങ്കിലും ആന തളയ്‌ക്കുന്നിടത്തേക്ക് പോകാൻ കൂട്ടാക്കാതെ നിന്നതോടെ പ്രതിസന്ധിയായി. വിവരമറിഞ്ഞ് ആറ്റിങ്ങൽ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. പൊലീസ് അറിയിച്ചതിനെത്തുടർന്ന് ഉള്ളൂരിൽ നിന്ന് ഉടമയെത്തി ഭക്ഷ്യവസ്‌തുക്കൾ നൽകി ആനയെ അനുനയിപ്പിച്ച് 6.30ഓടെ ഇടച്ചങ്ങല വിലങ്ങിട്ട് തളയ്‌ക്കുകയായിരുന്നു.