*ആക്രമണത്തിനു പോയ ഗുണ്ടകളെ അറസ്റ്റുചെയ്തു*

അറസ്റ്റിലായവരുടെ  കൈവശം    മയക്കുമരുന്നും നാടൻബോംബുകളും
വലിയതുറ: ഗുണ്ടാസംഘത്തിലെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. വലിയവേളി വിനായക നഗർ സ്വദേശി ജാംഗോ കുമാർ എന്ന അനിൽകുമാർ(37), വെട്ടുകാട് ബാലനഗർ സ്വദേശികളായ ടർബിൻ(20), നിധിൻ(18), വലിയവേളി സ്വദേശി ബിജീഷ്(23), പുല്ലുവിള സ്വദേശി വർഗീസ്(25) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്.

പ്രതികളിൽനിന്ന് എം.ഡി.എം.എ., കഞ്ചാവുപൊതികൾ, സോഡിയം നൈട്രാസെപ്പാം ഗുളികകൾ, വാൾ, മഴു, നാടൻ ബോംബുകൾ എന്നിവയും പിടിച്ചെടുത്തു.വെട്ടുകാട് ഭാഗത്ത് പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.നഗരത്തിലെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങളാണ് ഇവർ. പോലീസിന്റെ നേർക്ക് ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് അനിൽകുമാർ.

ഇയാൾക്കെതിരേ നേരത്തേ കരുതൽ തടങ്കൽ നടപടിയെടുത്തിട്ടുളളതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കൊപ്പം അറസ്റ്റുചെയ്ത മറ്റു പ്രതികൾക്കതിരേയും കാപ്പ ആക്ട്‌ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കുമെന്നും പോലീസ് അറിയിച്ചു.

ശംഖുംമുഖം എ.സി. ഡി.കെ.പൃഥിരാജ്, വലിയതുറ ഇൻസ്‌പെക്ടർ ആർ.പ്രകാശ്, എസ്.ഐ.മാരായ അഭിലാഷ് മോഹൻ, സാബു, എ.എസ്.ഐ.മാരായ മനോജ്, ശിവപ്രസാദ്, സജാത്, പോലീസുകാരായ സവിത്, ഷാബു, മനു, രാജ്, നിഖിൽ, അനീഷ്, വരുൺഘോഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.