*ഇന്റർവെൽ കഴിഞ്ഞു നാളെ മുതൽ വീണ്ടും സ്കൂളിലേക്ക്*

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് അടച്ച സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറക്കും. ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. 10, 11, 12 ക്ലാസുകൾ ഈ മാസം ഏഴിന് ആരംഭിച്ചിരുന്നു. വീണ്ടും ക്ലാസുകളിലെത്തുന്ന വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളൊക്കെ സ്‌കൂളുകളിൽ പൂർത്തിയായി. അങ്കണവാടി, കിന്റർഗാർട്ടനുകളും നാളെ മുതൽ തുറക്കും.

2021 നവംബർ ഒന്നിനാണ് കോവിഡ് തീർത്ത വലിയ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ തുറന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഠനം തുടരുന്നതിനിടെ ഒമിക്രോൺ ഭീഷണിയായെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം കോവിഡ് വർധിച്ചതോടെ ജനുവരി 20-നാണ് വീണ്ടും സ്‌കൂളുകൾ അടച്ചത്. 10, 11, 12 ക്ലാസുകൾക്ക് നിലവിൽ വൈകുന്നേരം വരെ ക്ലാസുണ്ട്. ഒന്ന് മുതൽ ഒൻപത് വരെയുള്ളവർക്ക് ഉച്ചവരെയായിരിക്കും ക്ലാസ്. ഈ മാസം അവസാനത്തോടെ അധ്യയനം വൈകീട്ട് വരെയാക്കും.
നേരത്തെ തുടർന്നിരുന്ന കോവിഡ് മാനദണ്ഡങ്ങളെല്ലാം വീണ്ടും തുടരും. പുതിയ ക്രമീകരണങ്ങളൊന്നുമുണ്ടാവില്ലെന്ന് അധ്യാപകർ പറയുന്നു. ഒരു ക്ലാസ് മുറിയിൽ 20 കുട്ടികളായിരിക്കും ഉണ്ടാവുക. ഇതിൽ കൂടുതൽ കുട്ടികളുള്ളിടത്ത് രണ്ട് ഷിഫ്റ്റായിട്ടാകും ക്ലാസുകൾ നടക്കുക. ഉച്ചഭക്ഷണവും നൽകും. സാനിറ്റൈസർ, മാസ്‌ക് എന്നിവ നിർബന്ധമായി ഉപയോഗിക്കണം. യൂണിഫോമും നിർബന്ധമാക്കിയിട്ടില്ല.

*ഓൺലൈൻ ക്ലാസും തുടരും*

ആരോഗ്യപ്രശ്‌നങ്ങളുള്ളവരും കോവിഡ് ലക്ഷണങ്ങളുള്ളവരും സ്‌കൂളിൽ വരേണ്ടതില്ല. ക്ലാസിലെത്താൻ സാധിക്കാത്ത കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് തുടരും. ഇത് സംബന്ധിച്ച് അധ്യാപകർ വിദ്യാർഥികൾക്ക് നിർദേശം നൽകും. അതേസമയം, പല സ്‌കൂളുകളിലും സ്‌കൂൾ ബസുകൾ പൂർവസ്ഥിതിയിലായിട്ടില്ല. പി.ടി.എ. ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ തീർത്ത് ബസ് ഇറക്കാൻ പറ്റാത്ത സ്‌കൂളുകളുണ്ട്. സ്വകാര്യവാഹനങ്ങളും പി.ടി.എ. തന്നെ സജ്ജമാക്കിയ ബദൽ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് കുട്ടികൾ സ്‌കൂളിലെത്തേണ്ടത്.

*പ്രീപ്രൈമറിയിൽ ആശയക്കുഴപ്പം*

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖയിൽ പ്രീ പ്രൈമറി വിഭാഗത്തിന്റെ പ്രവർത്തനത്തെപ്പറ്റി പരാമർശമില്ലാത്തത് ആശയക്കുഴപ്പത്തിനിടയാക്കി. അങ്കണവാടി, കിന്റർഗാർട്ടനുകൾ തുറക്കാമെന്ന് പറയുന്നുണ്ടെങ്കിലും പ്രീ പ്രൈമറി ക്ലാസുകളെപ്പറ്റി പരാമർശമില്ലാത്തതാണ് പ്രശ്നമായത്. എന്നാൽ, പ്രീ പ്രൈമറി വിഭാഗത്തിനും തിങ്കളാഴ്ച പ്രവർത്തിക്കാമെന്നും വിവരം മാർഗരേഖയിൽ നിന്ന് വിട്ട്‌പോയതാകാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ സർക്കാർ മേഖലയിലെ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുന്നതിനെപ്പറ്റി രക്ഷിതാക്കളെ സ്കൂൾ അധികൃതർ അറിയിച്ചിട്ടില്ല. സ്വകാര്യ, എയ്ഡഡ് മേഖലയിലെ ചില സ്ഥാപനങ്ങൾ തിങ്കളാഴ്ച തന്നെ തുറക്കും.