തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.
എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ പെടുത്തി 2021 ഫെബ്രുവരി 6 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഒ.ബി.സി പട്ടികയില്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അധികാരമില്ലെന്നും അതു റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടനയുടെ 127 ാമത് ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസ്സാക്കിയതിനെ തുടര്‍ന്ന് സമൂഹത്തതില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഭേദഗതി കൊണ്ടുവരും.
*മന്ത്രിസഭാ തീരുമാനങ്ങള്‍*
ഹരിത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള കെട്ടിടങ്ങള്‍ക്ക് ഗ്രീന്‍ റേറ്റിംഗും ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനും അനുവദിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അംഗീകരിച്ചു. കെട്ടിടങ്ങളുടെ ക്ലാസിഫിക്കേഷന്‍, നല്‍കാന്‍ ഉദ്ദേശിക്കുന്ന ഇന്‍സെന്റീവുകള്‍, സര്‍ട്ടിഫിക്കേഷനുള്ള നടപടിക്രമം എന്നിവയാണ് തീരുമാനിച്ചത്.
ബാര്‍ ഹോട്ടലുകളിലൂടെയുള്ള മദ്യവില്‍പനയുടെ വിറ്റുവരവ് നികുതി ഏകീകരിക്കാന്‍ തീരുമാനിച്ചു. എഫ് എല്‍ ത്രീ, എഫ് എല്‍ ടു ലൈസന്‍സുള്ള ബാര്‍ ഹോട്ടലുകള്‍ക്കും ഷോപ്പുകള്‍ക്കും ആദ്യഘട്ട ലോക്ഡൗണിനു ശേഷം 22/05/2020 മുതല്‍ 21/12/2020 വരെയും രണ്ടാംഘട്ട ലോക്ഡൗണിനു ശേഷം 15/06/2021 മുതല്‍ 25/09/2021 വരെയും കാലയളവിലെ വിറ്റുവരവ് നികുതിയാണ് നിബന്ധനകള്‍ക്കു വിധേയമായി 5 ശതമാനമായി കുറച്ചു നല്‍കാന്‍ തീരുമാനിച്ചത്.
കുടിശ്ശിക നികുതി സംബന്ധിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള കാലാവധി 31/03/2022 വരെ ദീര്‍ഘിപ്പിച്ചു. കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് 30/04/2022 വരെ സമയം അനുവദിച്ചു.
ആനക്കാംപൊയില്‍ - കല്ലാടി - മേപ്പാടി ടണല്‍ റോഡിന്റെ നിര്‍മ്മാണത്തിന്റെ എസ്.പി.വി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡി.പി.ആര്‍ അംഗീകരിച്ചു. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കാനും തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിലെ ഓഫീസര്‍ കാറ്റഗറിയിലെ ജീവനാക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ പ്രസ്തുത ശമ്പളപരിഷ്‌കരണ കാലയളവില്‍ സര്‍വ്വീസിലുണ്ടായിരുന്ന വിരമിച്ച ജീവനക്കാര്‍ക്കും അനുവദിക്കാന്‍ തീരുമാനിച്ചു.