നാഗർകോവിൽ - തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ( 06426, 06427) കൊല്ലം വരെ നീട്ടിയതായി അഡ്വ.അടൂർ പ്രകാശ് എം. പി അറിയിച്ചു. യാത്രക്കാരുടെയും പാസഞ്ചേഴ്സ് അസോസിയേഷന്റേയും ദീർഘകാലത്തെ ആവശ്യമായിരുന്നു തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് ഈ ട്രെയിൻ നീട്ടി കിട്ടുക എന്നത്. എം.പി എന്ന നിലയിൽ കേന്ദ്ര റെയിൽവേ മന്ത്രി യോടും റെയിൽവേ ബോർഡിനോടും നിരന്തരമുള്ള ഇടപെടലുകൾ മൂലമാണ് ഈ ട്രെയിൻ ഇപ്പോൾ കൊല്ലം വരെ നീട്ടി കിട്ടുന്നത്. ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിന് കീഴിൽ ചിറയിൻകീഴ്,കടയ്ക്കാവൂർ, വർക്കല സ്റ്റേഷനുകളിൽ ഈ ട്രെയിന് സ്റ്റോപ്പ് അനുവദിക്കുകയും ഇതോടെ തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും യാത്ര ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഉണ്ടായതായും എം. പി അറിയിച്ചു.കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും നിരന്തര ഇടപെടലുകൾ മൂലം മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോയെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ അത് നടപ്പിലാക്കുന്നതു നീണ്ട് പോകുന്നതെന്നും എം. പി അറിയിച്ചു.പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി റെയിൽവേ ബോർഡ് വിളിച്ചു ചേർത്ത യോഗത്തിൽ മണ്ഡലത്തിലെ റെയിൽവേയുമായി ബന്ധപെട്ട വിവിധ ആവശ്യങ്ങളും നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കി കിട്ടുന്നതിന് റെയിൽവേ മന്ത്രിയുമായി കൂടികാഴ്ച നടത്തിയതായും എം. പി അറിയിച്ചു.