ചിറയിൻകീഴ്: ഗ്രാമപ്പഞ്ചായത്തിലെ മേൽകടയ്ക്കാവൂരിനെയും കടയ്ക്കാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കാൻ വാമനപുരം നദിക്കു കുറുകേ പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വലിയ ഏലായ്ക്കുസമീപം കിഴുവിലം പഞ്ചായത്തിലെ തോട്ടവാരത്ത് അയന്തിക്കടവിലാണ് പാലം വേണ്ടത്. മറുകരയെത്താൻ കടത്തുവള്ളം ഉപയോഗിക്കുന്ന ഇവിടെ പാലം വന്നാൽ മേൽകടയ്ക്കാവൂർകാർക്ക് ചിറയിൻകീഴിലെത്താൻ 15 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും. മാത്രമല്ല ചിറയിൻകീഴിലെത്താൻ പത്തുമിനിറ്റിനു താഴെ സമയം മതിയാകും.
കടയ്ക്കാവൂർ, മേൽകടയ്ക്കാവൂർ, പഴഞ്ചിറ സ്വദേശികൾ വിവിധ ആവശ്യങ്ങൾക്കായി ചിറയിൻകീഴിലെത്തുന്നത് ആറ്റിങ്ങൽ കൊല്ലമ്പുഴ വഴിയോ ചെക്കാലവിളാകം വഴിയോ ആണ്. അടിയന്തരഘട്ടങ്ങളിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തേണ്ട രോഗികൾ ഉൾപ്പെടെയുള്ളവർക്ക് പാലം വന്നാൽ അനുഗ്രഹമാകും. ചിറയിൻകീഴിലുള്ള സ്കൂളുകളിലേക്ക് എത്തുന്ന മേൽകടയ്ക്കാവൂർ നിവാസികളായ വിദ്യാർഥികൾ കടത്തുകടന്നാണ് എത്തുന്നത്. മഴക്കാലമായാൽ കടത്ത് മുടങ്ങുന്നത് പതിവാണ്.
നദിയിലെ കുത്തൊഴുക്കിൽ വള്ളം തുഴയാൻ സാധിക്കാതെവരുന്നതാണ് പലപ്പോഴും കടത്ത് മുടങ്ങാൻ കാരണം. ആ സമയത്ത് യാത്ര ചെയ്യുന്നവർ ജീവൻ പണയംവെച്ചാണ് വള്ളത്തിൽ കയറുക. പാലം വന്നാൽ ഈ വാർഡുകളിലുള്ളവർക്ക് ചിറയിൻകീഴ് ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ, താലൂക്കാശുപത്രി, പോലീസ് സ്റ്റേഷൻ, പൊതുചന്ത, ശാർക്കര ക്ഷേത്രം, മുടപുരം എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്താനാകും. താലൂക്ക് ഭരണസിരാകേന്ദ്രമായ വലിയകട ജങ്ഷനിലെത്താനും എളുപ്പവഴി പാലം യാഥാർഥ്യമായാൽ സാധിക്കും.
പാലം വന്നാൽ കീഴാറ്റിങ്ങൽ, തിനവിള, മേൽകടയ്ക്കാവൂർ ഭാഗങ്ങളിലുള്ളവർക്ക് പത്ത് മിനിറ്റിനുള്ളിൽ ചിറയിൻകീഴിൽ എത്തി വലിയകട ബൈപ്പാസ് റോഡിലൂടെ കണിയാപുരം വഴി തിരുവനന്തപുരം ഭാഗത്തേക്കും വേഗത്തിൽ എത്താൻ കഴിയും. ചിറയിൻകീഴിലുള്ളവർക്ക് വക്കം, വർക്കല ഭാഗങ്ങളിൽ പോകാനും പാലം സഹായകമാകും. പാലം വേണമെന്ന് നാട്ടുകാർ പലവട്ടം പരാതിപ്പെട്ടതിനെതുടർന്ന് തോട്ടവാരം ഭാഗത്ത് മണ്ണുപരിശോധന നടന്നതൊഴിച്ചാൽ പദ്ധതിക്ക് ഇതുവരെയും പുരോഗതി കൈവന്നിട്ടില്ല. അയന്തിക്കടവിൽ പാലം വന്നാൽ താമരക്കടവ് മേഖലയിലെ കോളനിപ്രദേശങ്ങളും സ്റ്റാലിൻമുക്ക്, ഗുരുനാഗപ്പൻ ക്ഷേത്രം റോഡ് പ്രദേശങ്ങളുടെയും വികസനത്തിന് പദ്ധതി മുതൽക്കൂട്ടാകുകയും ചെയ്യും