ആലംകോട് മീരാൻകടവ് റോഡിന്റെ പുനരുദ്ധാരണം ആറ്റിങ്ങലിന്റെ തനിയാവർത്തനമാകുന്നു.

ആലംകോട് മീരാൻകടവ് റോഡിന്റെ പുനരുദ്ധാരണം ആറ്റിങ്ങലിന്റെ തനിയാവർത്തനമാകുന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതൻമാരുടെ സഹകരണത്തോടെയാണ് റോഡു പണിയുടെ മറവിൽ വൻ തട്ടിപ്പിനും ചതിക്കും വഴിയൊരുങ്ങുന്നതെന്ന് പരക്കെ ആരോപണമുയർന്നിട്ടുണ്ട്. ആറ്റിങ്ങൽ ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനം നടത്തിയ അതേ കമ്പനിയാണ് ആലംകോട് മീരാൻകടവ് റോഡിന്റെയും കരാറെടുത്തിരിക്കുന്നത്. ആറ്റിങ്ങലിൽ രണ്ടു കിലോമീറ്റർ ദൂരം 10 അടിയോളം കുഴിച്ചു മണ്ണെടുത്ത് മാമത്ത് വയൽ നികത്തി. പണിയുടെ മൂർദ്ധന്യത്തിൽ റോഡ്‌ തിരിച്ചുവിട്ടപ്പോഴാണ് അതുവഴിയെത്തിയ അന്നത്തെ മന്ത്രി ജി സുധാകരൻ മണ്ണ് വെട്ടിപ്പിന്റെ കഥ കാണാനിടയായത്. ഉടൻ ഇടപെട്ടു പണി നിർത്തി വയ്പിക്കുകയും മണ്ണു കുഴിപ്പ് നിർത്തിക്കുകയും ചെയ്തു... ആറ്റിങ്ങലിൽ വിവിധ തരം കേബിളുകൾ ഓടക്കകത്താക്കി. അറ്റകുറ്റപ്പണികൾ നടത്താൻ അവസരമില്ലാതാക്കിയിരുന്നു. മാത്രമല്ല, ശക്തമായ പഴ പെയ്തപ്പോൾ റോഡിന്റെ സ്ഥിതി നാട്ടുകാർ കണ്ടതുമാണ്... ഇപ്പോൾ ആലംകോട് മീരാൻകടവ് റോഡു പണിയും ഇത്തരത്തിൽ തന്നെയാണ് നടക്കുന്നത്. കേബിളുകളെല്ലാം ഓടക്കടിയിലാക്കി മൂടി. ഭാവിയിൽ ഇവയൊന്നും റിപ്പയർ ചെയ്യാൻ കഴിയാതാകും. ഓട നിർമ്മാണം തോന്നുംപടിയാണ്. നിർത്തി നിർത്തി അവിടവിടെയായി ഓട നിർമ്മിക്കുന്നു. മാത്രമല്ല അക്വയർ ചെയ്ത സ്ഥലത്തിന്റെ എഡ്ജിലല്ല ഓട നിർമ്മാണം. റോഡിനോട് ചേർന്നാണ് ഓട നിർമ്മിക്കുന്നത്. പണി പൂർത്തിയാകുമ്പോൾ കടക്കാർ അവതാളത്തിലാകുമെന്നുറപ്പാണ്. കടകളിൽ ആർക്കും കയറാനാകാത്ത സ്ഥിതിയാകും. വാഹനങ്ങൾ എവിടെയും നിർത്താനാവാതാകും.... ആറ്റിങ്ങലിൽ റോഡ് കുഴിച്ച് മണ്ണ് കടത്തിയതുപോലെ ആലംകോട് ഭാഗത്ത് ഒരാഴ്ചയായി റോഡ് കുഴിച്ച് മണ്ണ് മാറ്റുന്നു. 5 മുതൽ 10 അടി വരെയായിരിക്കും മണ്ണ് മാറ്റുക . 25 മീറ്റർ വീതിയിൽ 15 കിലോമീറ്ററോളം വരുന്ന ദൂരം മണ്ണെടുത്താൽ ചിറയിൻകീഴ് താലൂക്കിലെ ബാക്കിയുളള നിലമാകെ കരഭൂമിയാകും. ആലംകോടിനടുത്ത വാരിയൻവിളാകം ഏലാ ഏതാണ്ട് നികത്തിക്കഴിഞ്ഞു. ഓടക്കായി മണ്ണെടുത്തു തുടങ്ങിയപ്പോൾ മുതൽ ഇവിടെ മണ്ണിട്ടു തുടങ്ങിയിരുന്നു. നാട്ടുകാരുടെ എതിർപ്പിന് ഇവിടെ പുല്ലുവിലയാണ്. ഇതിനെല്ലാം ആരുടെയൊക്കെ പിൻതുണയും , ഒത്താശയും ഉണ്ടെന്നത് നാട്ടിൽ രഹസ്യമായും പരസ്യമായും ചർച്ചയുമുണ്ട്... ഈ നിർമാണക്കമ്പനിക്ക് മണ്ണെടുപ്പും വയൽ നികത്തലുമാണ് പ്രധാന ഹോബിയെന്ന് പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാർ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്.... നല്ല നിരപ്പിലും, ഉറപ്പിലും കിടക്കുന്ന റോഡ് കുഴിച്ച് മണ്ണ് കവർച്ച ചെയ്യുന്ന നടപടി ഒരാഴ്ചയായി തുടങ്ങിയിട്ടും സ്ഥലം MLA യോ , മറ്റു ജനപ്രതിനിധികളോ അറിഞ്ഞ ഭാവം പോലും കാണിക്കാത്തതിൽ ജനങ്ങൾക്ക് കടുത്ത പ്രതിക്ഷേധവും നിരാശയുമുണ്ട്. MP ക്കും, MLA ക്കുമൊന്നും ഇതിൽ താല്പര്യമില്ലല്ലോ എന്നാണ് നാട്ടുകാരുടെ ആവലാതി..... ഈ പ്രശ്നത്തിൽ അടിയന്തിരമായും സംസ്ഥാന പൊതുമരാമത്ത് മന്ത്രി ഇടപെടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നമ്മുടെ നാട് സ്വാർത്ഥ താല്പര്യക്കാരുടെയുടെയും പേഴ്സണൽ അജണ്ടക്കാരുടെയും കരാള ഹസ്തങ്ങളിൽപ്പെട്ടു തകരുക തന്നെ ചെയ്യും.