*വണ്ടി പിടിച്ചു, ലൈസൻസ് സസ്പെൻഡു ചെയ്തു; നാട്ടിൽ പ്രതിഷേധം, പ്രതികാര നടപടിയെന്ന് നാട്ടുകാർ*

ബാലരാമപുരം∙ സ്കൂൾ തുറന്ന ദിവസം കെഎസ്ആർടിസി ബസില്ലാത്തതു കാരണം സമയത്തിന് ക്ലാസിലെത്താൻ വിഷമിച്ച വിദ്യാർഥികളെ സൗജന്യമായി പെട്ടി ഓട്ടോയിൽ കയറ്റി സ്കൂളിലെത്തിച്ച  ഡ്രൈവർക്കു നേരെ നിയമത്തിന്റെ  വകുപ്പുകൾ ഇഴകീറി പ്രയോഗിച്ച് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ക്രൂരത.  ലൈസൻസ് സസ്പെൻഡ് ചെയ്യാനും കുട്ടികളെ കയറ്റി യാത്രചെയ്തതിന് പിഴ ഈടാക്കാനും ജോയന്റ് റീജനൽ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. വാഹനവും പിടിച്ചെടുത്തു. കുട്ടികളെ സഹായിക്കാൻ സൻമനസ്സു കാട്ടിയ പെട്ടിഓട്ടോ ഡ്രൈവർ ബാലരാമപുരം പൂതംകോട് സ്വദേശി ഹാജയാണ് നിയമക്കുരുക്കിൽ പെട്ടത്.
വാഹനം പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്ത് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പ്, 2. അധികൃതർ പിടിച്ചെടുത്ത പെട്ടി ഓട്ടോ
സ്കൂൾ തുറന്ന തിങ്കളാഴ്ച ബാലരാമപുരം വഴിമുക്ക് ജംക്ഷനിൽ ബസ് കിട്ടാതെ മണിക്കൂറുകൾ വഴിയിൽ‍ അകപ്പെട്ട വിദ്യാർഥികളെ നാട്ടുകാർ ഇടപെട്ട് സ്വകാര്യ, പൊതുവാഹനങ്ങളിൽ കയറ്റി സ്കൂളിലേക്ക്  വിടുന്നതിനിടെയാണ് ഹാജയുടെ ഓട്ടോ അവിടെയെത്തുന്നതും നാട്ടുകാർ തന്നെ കുട്ടികളെ അതിൽ കയറ്റിവിടുന്നതും. കുട്ടികളുടെ യാത്ര പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും  വലിയ വാർത്തയാവുകയും പ്രചാരം നേടുകയും ചെയ്തതോടെയാണ് വകുപ്പിന്റെ പ്രതികാരനടപടിയെന്നാണ് നാട്ടുകാരുടെ നിലപാട്.

ഇന്നലെ രാവിലെ ബാലരാമപുരം വഴിമുക്കിൽ നെയ്യാറ്റിൻകര ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് വാഹനം കണ്ടെത്തിയാണ് പിടിച്ചെടുത്തത്.. കെഎസ്ആർടിസി ബസുകൾ കുറവായിരുന്നതും വന്നവ നിർത്താതെ പോയതും കാരണമാണ് കുട്ടികൾ മ വഴിയിൽ കുടുങ്ങിയതെന്ന് വാർത്ത വന്നിരുന്നു..പെട്ടി ഓട്ടോയിൽ കുട്ടികളെ കയറ്റാൻ നിയമമില്ലെന്നും അത് തെറ്റിച്ചതിനാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. ‘‘ഗുഡ്സ് ഓട്ടോറിക്ഷയുടെ പുറകിൽ സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ചു പോയ...’ എന്നാണ് ഔദ്യോഗിക പത്രക്കുറിപ്പിലെ വാചകം. പണം വാങ്ങി കുട്ടികളെ ഗുഡ്സ് ഓട്ടോയിൽ കൊണ്ടുപോയി എന്ന മട്ട്

നാട്ടിൽ പ്രതിഷേധം

മോട്ടർ വാഹനവകുപ്പിന്റെ നടപടിക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്കൂൾ തുറന്ന മൂന്നാം ദിവസമായ ഇന്നലെയും സ്കൂളിലെത്താൻ ബസില്ലാത്തതിനാൽ കുട്ടികൾ വിഷമിച്ചു. വൈകിട്ടും വീടുകളിലെത്താനും കുട്ടികൾ വിഷമിക്കുന്ന അവസ്ഥ തുടരുന്നു.ഗതാഗതക്ളേശത്തിന് പരിഹാരം കാണാതെ  ഓട്ടോ ഡ്രൈവർക്കു നേരെ പ്രതികാര നടപടി കൈക്കൊണ്ടു മുഖം രക്ഷിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് നാട്ടുകാരുടെ നിലപാട്