കോവളം: വാടകവീട്ടിൽ സൂക്ഷിച്ച മാൻകൊമ്പും കഞ്ചാവുമായി ഓട്ടോഡ്രൈവർ അറസ്റ്റിൽ. കോവളം തൊഴിച്ചൽ ആവാടുതുറ മായക്കുന്ന് സ്വദേശി വിജി വിക്രമനെ(38)യാണ് നെയ്യാറ്റിൻകര റെയ്ഞ്ച് എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തത്. ആവാടുതുറ മായക്കുന്നിലെ വാടകവീട്ടിൽനിന്നാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ മാൻകൊമ്പും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തത്. വീട്ടിനുള്ളിലെ അലമാരയിലായിരുന്നു മുക്കാൽ മീറ്ററോളം നീളമുള്ള മാൻകൊമ്പ് കണ്ടെത്തിയത്.
എക്‌സൈസ് അധികൃതർ മാൻകൊമ്പ് കസ്റ്റഡിയിലെടുത്തു. കോവളത്തുനിന്ന് ഓട്ടോറിക്ഷയിൽ വിതുരഭാഗത്ത് സവാരിപോയപ്പോൾ തനിക്ക് കിട്ടിയതെന്നാണ് ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരിക്കുന്നത്. എക്‌സൈസ് വിഭാഗം കഴിഞ്ഞ ഒന്നരയാഴ്ചയായി കോവളം, ആഴാകുളം തൊഴിച്ചൽ, മായക്കുന്ന് എന്നിവിടങ്ങളിൽ രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം അറസ്റ്റുചെയ്ത വിജി വിക്രമനുൾപ്പെട്ട സംഘമാണ് കഞ്ചാവ് വിൽപ്പന നടത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്നാണ് എക്‌സൈസ് സംഘം ഇയാളുടെ വാടക വീട് കണ്ടെത്തിയശേഷം വീട്ടിനുള്ളിൽ കയറി ഇയാളെ പിടികൂടിയത്. ആദ്യ പരിശോധനയിൽ 50 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. തുടർന്ന് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അലമാരയ്ക്കുള്ളിൽ കൂടുതൽ കഞ്ചാവുള്ളതായി വെളിപ്പെടുത്തിയത്.
എക്‌സൈസിന്റെ നെയ്യാറ്റിൻകര റെയ്ഞ്ച് ഇൻസ്‌പെക്ടർ എൽ.ആർ.അജേഷ്, അസി. ഇൻസ്‌പെക്ടർ സജിത് കുമാർ, പ്രിവന്റീവ് ഓഫീസർ സനൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രസന്നൻ, അനീഷ്, അഖിൽ, ഹരികൃഷ്ണൻ, നുജു, സുരേഷ്, വനിതാ ഓഫീസർ വിഷ്ണുശ്രീ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.