*പാട്ടും കളിചിരിയുമായി അങ്കണവാടികൾ തുറന്നു*

നെടുമങ്ങാട്: രണ്ടുവർഷത്തിനുശേഷം കുരുന്നുകൾ അങ്കണവാടിയുടെ കളിമുറ്റം തൊട്ടറിഞ്ഞു.നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കുരുന്നുകളും അധ്യാപികമാരും രക്ഷിതാക്കളും അങ്കണവാടിയുടെ മുറ്റത്ത് ഒത്തുകൂടി. കളിചിരികളും മധുരവിതരണവും ഒത്തുചേർന്നപ്പോൾ കോവിഡിന്റെ വ്യാധികൾ തെല്ലുനേരത്തേക്കെങ്കിലും വെറും ഓർമ്മയായി.കോവിഡിന്റെ എല്ലാ സുരക്ഷാമാർഗങ്ങളും സ്വീകരിച്ചുകൊണ്ടാണ് രക്ഷിതാക്കൾ കുട്ടികളെ അങ്കണവാടികളിലും പ്രീപ്രൈമറി വിദ്യാലയങ്ങളിലും എത്തിച്ചത്. കുട്ടികൾക്ക് യോജിക്കുന്ന മാസ്‌ക്കുകൾ, സാനിറ്റൈസർ എന്നിവയെല്ലാം അങ്കണവാടികളിലും കരുതിയിരുന്നു. എൽ.പി., യു.പി., വിദ്യാലയങ്ങളിലും സമാനമായ രീതിയിലാണ് കുരുന്നുകളെ സ്വീകരിക്കാൻ അധ്യാപകർ സുരക്ഷാമാർഗങ്ങൾ ഒരുക്കിയിരുന്നത്.

അങ്കണവാടികളിലും പ്രീപ്രൈമറി വിദ്യാലയങ്ങളിലും കുരുന്നുകൾക്ക് പ്രവേശനോത്സവമെന്നോണം മധുരം വിതരണം ചെയ്തു. കളിക്കോപ്പുകൾ, ബലൂണുകൾ, കളിപ്പാട്ടങ്ങൾ എന്നിവ നൽകുകയും ചെയ്തു. പെരിങ്ങമ്മല, കരകുളം, ആനാട്, പനവൂർ പഞ്ചായത്തുകളിൽ പ്രവേശനോത്സവത്തിന് പ്രത്യേകം സംവിധാനങ്ങളൊരുക്കിയിരുന്നു. കളിപ്പാട്ടങ്ങൾ, ഫർണിച്ചറുകൾ എന്നിവ കഴുകിവൃത്തിയാക്കി ഒരുക്കിയിരുന്നു. തിരഞ്ഞെടുത്ത അങ്കണവാടികൾ ചായം തേച്ച് മോടിപിടിപ്പിച്ചായിരുന്നു കുട്ടികളെ സ്വീകരിച്ചത്.നെടുമങ്ങാട് താലൂക്കിലെ 280-ലധികം അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് തുടർന്നുള്ള ദിവസങ്ങളിൽ ഉച്ചവരെയായിരിക്കും അങ്കണവാടികൾ തുറന്നു പ്രവർത്തിക്കുക.

വിതുര: ആനപ്പാറ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡംഗം വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ സുജിത മാത്യു, അങ്കണവാടി വർക്കർ അനിതകുമാരി, ഹെൽപ്പർ ലീല, എ.എൽ.എം.സി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ കുട്ടികളെ കടലാസുതൊപ്പി ധരിപ്പിച്ചും കളിപ്പാട്ടങ്ങൾ നൽകിയുമാണ് സ്വീകരിച്ചത്.